അവള്‍ വീട്ടിലെ കണ്‍മണി, അവസാനം യാത്രയാക്കിയത് മധുരം നല്‍കി; ഷെഹ്‍ലയുടെ ഇളയമ്മയുടെ കുറിപ്പ്

Published : Nov 22, 2019, 08:56 AM ISTUpdated : Nov 22, 2019, 10:41 AM IST
അവള്‍ വീട്ടിലെ കണ്‍മണി, അവസാനം യാത്രയാക്കിയത് മധുരം നല്‍കി; ഷെഹ്‍ലയുടെ  ഇളയമ്മയുടെ കുറിപ്പ്

Synopsis

കേരളത്തിനാകമാനം തീരാ വേദനയാവുകയാണ് അഞ്ചാം ക്ലാസുകാരി ഷെഹ്‍ലയുടെ പാമ്പ് കടിയേറ്റുള്ള മരണം. അധ്യാപകരുടെയും മറ്റ് സ്കൂള്‍ അധികൃതരുടെയും ഡോക്ടര്‍മാരുടെയും വരെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുരുന്ന് ജീവനാണ്.

കേരളത്തിനാകമാനം തീരാ വേദനയാവുകയാണ് അഞ്ചാം ക്ലാസുകാരി ഷെഹ്‍ലയുടെ പാമ്പ് കടിയേറ്റുള്ള മരണം. അധ്യാപകരുടെയും മറ്റ് സ്കൂള്‍ അധികൃതരുടെയും ഡോക്ടര്‍മാരുടെയും വരെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുരുന്ന് ജീവനാണ്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹ്‍ല പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകളാണ്.

കുടുംബത്തിന്‍റെ ഓര്‍മയില്‍ നര്‍ത്തകിയും അഭിനേത്രിയും ചിത്രകാരിയുമൊക്കെയായ ഷെഹ്‍ലയെന്ന മിടുക്കിയെ കുറിച്ച്  ചെറിയമ്മ ഫസ്ന ഫാത്തിമ എഴുതിയ കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. തന്‍റെ ഓര്‍മയില്‍ ഓടിച്ചാടി നടന്ന ഷെഹ്‍ല തനിക്ക് കൂട്ടുകാരിയായിരുന്നെന്നും മറക്കാനാകില്ലെന്നും ഫസ്ന വൈകാരികമായി എഴുതിയ കുറിപ്പില്‍ പറയുന്നു. കോഴിക്കോട് ചന്ദ്രികയിലെ മാധ്യമ പ്രവര്‍ത്തകയും പ്രസ് ക്ലബ് വൈസ് പ്രസിഡന്‍റുമാണ് ഫസ്ന.

ഫസ്നയുടെ കുറിപ്പിങ്ങനെ...

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്... അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. 

അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും