'മോളും കുട്ടികളും അവിടെയാ, രണ്ട് ദിവസമായി ഇങ്ങനെ നടക്കുന്നു..' കവളപ്പാറയിൽ വിങ്ങിപ്പൊട്ടി ഒരച്ഛൻ

By Web TeamFirst Published Aug 10, 2019, 5:47 PM IST
Highlights

''വീട്ടിൽ ന്ന് വിളിക്കുമ്പോ ഇങ്ങനെ ചോദിക്കും. എന്തായി, എന്തായി എന്ന്.. എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കണം. എനിക്കൊന്നും പറയാൻ വയ്യ'', കണ്ണ് നിറഞ്ഞൊഴുകി രാജശേഖരൻ പറയുന്നു. ഇതുവരെ സൈന്യത്തിന് കവളപ്പാറയിലെത്താനായിട്ടില്ല. 

മലപ്പുറം: വൻ ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ ഇനിയും 59 പേരെ കണ്ടെത്താനുണ്ട്. ഇവരിൽ 20 പേർ കുട്ടികളാണ്. ഇതുവരെ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് തവണയാണ് രക്ഷാപ്രവർത്തനത്തിനിടെ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത്. കാൽ വച്ചാൽ ആഴ്‍ന്നു പോകുന്ന ചളിക്കുണ്ടായി മാറിയ കവളപ്പാറയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഒരച്ഛൻ നടക്കുകയാണ്. ഇളയ മകളും കുടുംബവും കുട്ടികളും അവിടെയാണ്. അവരെവിടെയെന്നറിയില്ല.

പക്ഷേ, വീട്ടിൽ തിരികെപ്പോകില്ലെന്ന് രാജശേഖരൻ എന്ന ആ അച്ഛൻ പറയുന്നു. കുട്ടികളെവിടെയെന്നറിയാതെ വീട്ടിൽ പോയാൽ, അവരുടെ അമ്മ ചോദിക്കും. എപ്പോഴും വിളിച്ച് ചോദിക്കും. എന്ത് പറയണമെന്നറിയില്ല, എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കണം - രാജശേഖരന് വാക്ക് മുറിയുന്നു. 

കവളപ്പാറയിൽ ഇന്നലെ എത്തിയ ഞങ്ങളുടെ പ്രതിനിധി സാനിയോയോട് സംസാരിക്കുമ്പോൾ പലപ്പോഴും രാജശേഖരൻ വിങ്ങിക്കരഞ്ഞു. സാനിയോക്കും കണ്ണുകൾ നിറഞ്ഞു. ശബ്ദമിടറി. 

''എന്‍റെ മരുമോന്‍റെ വീടാ ഇവിടെ. എന്‍റെ ഇളയമോളെ ഇവിടേക്കാ കല്യാണം കഴിച്ചുകൊണ്ടു വന്നത്. രണ്ട് കുട്ടികളാ. അവന്‍റെ അമ്മയും ഉണ്ട് ഇവിടെ. ഇവരെ എല്ലാവരെയും മിനിഞ്ഞാന്ന് രണ്ട് മണിക്ക് ഒരു ഓട്ടോയിൽ പറഞ്ഞു വിട്ടതാ. ഞാൻ പിന്നെ വരാന്ന് പറഞ്ഞു. 

നാല് മണിയാവുമ്പോ വിളിച്ചിട്ട് കിട്ടി. പിന്നെ വിളിച്ചിട്ട് കിട്ടിയില്ല. എന്‍റെ മോള് ... '' വാക്ക് കിട്ടാതെ വിങ്ങുന്നു അദ്ദേഹം. 

''എന്‍റെ മോള്, അവളുടെ അമ്മ .. ഒക്കെ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസായി. റേഞ്ചില്ലാതായി. പിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല. രണ്ട് ദിവസായിട്ട് ഇങ്ങനെ നടക്കാ. അവരോട് എന്തെങ്കിലും സമാധാനം പറയാ. എന്തെങ്കിലും പറയണം. വീട്ടിന്നിറങ്ങിപ്പോരുമ്പം അവരെ കിട്ടിയോ, കിട്ടിയോ എന്ന് തന്നെ ഇങ്ങനെ ചോദിച്ചോണ്ടിരിക്കാ. 

അവരെ പറഞ്ഞുവിട്ട കൂട്ടത്തില് എനിക്കും അങ്ങ് പോന്നാ മതിയായിരുന്നു. അതിന് കഴിഞ്ഞില്ല...''

ഇത് രാജശേഖരന്‍റെ മാത്രം കാര്യമല്ല, ഇങ്ങനെ നൂറോളം പേരുണ്ട്. സ്വന്തം പ്രിയപ്പെട്ടവരെ തേടി, അവരെവിടെയെന്ന് അറിയാതെ ഇങ്ങനെ കാത്തു നിൽക്കുന്നു. ഇതുവരെ കവളപ്പാറയിലേക്ക് സൈന്യമെത്തിയിട്ടില്ല. എപ്പോഴെത്തുമെന്ന് യാതൊരറിവുമില്ല.

രക്ഷാപ്രവർത്തനത്തിനിടയിലും ഉരുൾപൊട്ടുകയാണ് കവളപ്പാറയിൽ. പ്രദേശവാസികൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. വിദഗ്ധ സേവനം തന്നെ വേണം. അതാണ് അധികൃതരോടും അവരാവശ്യപ്പെടുന്നതും. 

"

click me!