
അട്ടപ്പാടി: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ (kottathara tribal hospital)നിന്നും രാജിവച്ച ജീവനക്കാരൻ (staff who resigned)ഓഫീസിലെത്തി രേഖകൾ പരിശോധിച്ചതായി പരാതി. ജീവനക്കാർ ബഹളം വച്ചതോടെ ഇയാൾ ഇറങ്ങിയോടി. ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
ഞായറാഴ്ച്ച ഉച്ചയോടെയാണ് മുൻ ക്ലര്‍ക്കായ നന്ദകുമാർ ആശുപത്രിയിലെത്തി രേഖകൾ പരിശോധിച്ചത്. ആശുപത്രി സൂപ്രണ്ടിന്റെയോ മാനേജ്മെന്റ് കമ്മറ്റിയുടേയോ അനുമതിയില്ലാതെയായിരുന്നു പരിശോധന. 45 മിനിറ്റ്, ഓഫീസിലിരുന്നു നന്ദകുമാർ കന്പ്യൂട്ടർ ഉപയോഗിച്ചു. വിവരം മറ്റ് ജീവനക്കാർ അറിഞ്ഞെന്ന് മനസിലായതോടെ ഇയാൾ മുങ്ങി.
ആശുപത്രി മുൻ സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഫയലുകൾ നശിപ്പിക്കാനാണ് നന്ദകുമാർ എത്തിയതെന്നാണ് മറ്റ് ജീവനക്കാരുടെ ആരോപണം. പുതിയ വാർഡ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. അതേസമയം ആശുപത്രി ജീവനക്കാരനായ നിസാമുദ്ദീൻ വിളിച്ചു വരുത്തിയതാണെന്നും പഴയ ഫയലുകളിലെ സംശയങ്ങൾ പറഞ്ഞു കൊടുക്കുകയുമായിരുന്നുവെന്നുമാണ് നന്ദകുമാറിന്റെ വിശദീകരണം. സൂപ്രണ്ടിന്റെ അനുമതിയില്ലാതെ പുറത്തു നിന്നെത്തിയ ആളോടൊപ്പം രേഖകൾ പരിശോധിച്ചതിന് നിസാമുദ്ദീനോട് ആശുപത്രി മാനേജ്മെന്റ് വിശദീകരണം തേടി. ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ക്രമക്കേട് കണ്ടെത്തിയാൽ പൊലീസിൽ പരാതി നൽകാനുമാണ് മാനേജ്മെന്റിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam