കൊച്ചി: അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ രാത്രിയില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ജീവനക്കാർ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ടുകൾ പുറത്തു വിട്ട് കെഎസ്ഇബിയുടെ വിശദീകരിച്ചു. പൊലീസിനെ വിളിച്ചു വരുത്തിയത് ജീവനക്കാർ തന്നെയാണ്. കുടുംബനാഥൻ മോശമായി പെരുമാറിയപ്പോഴാണ് പൊലീസിനെ വിളിച്ചതെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ഇന്നലെയാണ് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി ഉയര്‍ന്നത്. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. തിരുവനന്തപുരം അയിരൂരിലെ രാജീവന്‍റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറഞ്ഞുവെന്നും പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ ജീവനക്കാര്‍ തയ്യാറായില്ലെന്നുമായിരുന്നു പരാതി.
എന്നാൽ കെഎസ്ഇബി ജീവനക്കാർ പറയുന്നത് മറ്റൊന്നാണ്. രാത്രി മീറ്റർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ ഫീഡർ ഓഫ് ഓഫ് ചെയ്തിട്ടു പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നുവെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam