'എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തും'; തട്ടിപ്പുകള്‍ കാണിച്ചാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 1, 2020, 6:27 PM IST
Highlights

ഇന്ന് മാത്രം പതിനാലരലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. 21472 മെട്രിക് ടണ്‍ അരിയാണ് നല്‍കാനായത്. ചില സ്ഥലങ്ങളില്‍ അരിയുടെ അളവില്‍ കുറവുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച സൗജന്യ റേഷന്‍ വിതരണം ഈ മാസം 20 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 സംബന്ധിച്ച് പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് മാത്രം പതിനാലരലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. 21472 മെട്രിക് ടണ്‍ അരിയാണ് നല്‍കാനായത്.

ചില സ്ഥലങ്ങളില്‍ അരിയുടെ അളവില്‍ കുറവുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം റേഷന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. അളവില്‍ തട്ടിപ്പ് കാണിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒപ്പം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 0,1 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് ഇന്ന് സൗജന്യ റേഷന്‍ വിതരണം ചെയ്തത്. ബിപിഎല്‍, അന്ത്യോദയ എന്നീ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെയും അല്ലാത്തവര്‍ക്ക് ഉച്ചയ്ക്ക് ശേഷവുമായിരുന്നു വിതരണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പ്രത്യേക അപേക്ഷയും ആധാര്‍ വിവരങ്ങളും നല്‍കിയാല്‍ റേഷന്‍ ലഭിക്കും. നമ്പര്‍ ക്രമത്തിലെ വിതരണം തീര്‍ന്നതിന് ശേഷമാണ് ഇവര്‍ക്ക് ലഭിക്കുക.

സൗജന്യ റേഷന്‍ ഇങ്ങനെ

അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരി
നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ
പിങ്ക് കാര്‍ഡുമടകള്‍ക്ക് കാര്‍ഡില്‍ അനുവദിച്ച അളവ് റേഷന്‍
മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് രാവിലെ വിതരണം ബാക്കിയുള്ളവര്‍ക്ക് ഉച്ചയ്ക്ക് ശേഷം
 

click me!