'മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു'; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണം, ഇഡി ഹൈക്കോടതിയില്‍

By Web TeamFirst Published Jun 24, 2021, 5:15 PM IST
Highlights

അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയില്‍. കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ വെളിപ്പെടുത്തൽ. നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന്  സന്ദീപ് നായർ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സർക്കാർ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. 

കമ്മീഷന്‍റെ പരിഗണന വിഷയം നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിറകെയാണ് കമ്മീഷൻ തെളിവുകൾ ശേഖരിക്കാൻ നടപടികൾ തുടങ്ങിയത്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!