
കൊച്ചി: എസ്എൻസി ലാവലിൻ കമ്പനിയുടെ ആസ്തിവകകളുടെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്‍റ്. ഇന്ത്യയിലും പുറത്തും കമ്പനിവാങ്ങിയ സ്വത്തിന്‍റെ വിവരം അടക്കം ഏഴ് രേഖകൾ ഹാജരാക്കാനാണ് ഇഡി നിർദ്ദേശം. കളളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കത്ത് നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി സ്ഥാനത്തുള്ള എസ്എൻസി ലാവ്ലിൻ ഇടപാടിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ലാവലിൻ കമ്പനി വൈസ് പ്രസിഡന്റ്, ധനകാര്യ ഡയറക്ടർ എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചത്. കൊച്ചിയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ വികാസ് മേത്ത നൽകിയ നോട്ടീസിൽ ഏഴ് സുപ്രധാന വിവരങ്ങാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
കമ്പനി ഇന്ത്യയിലും വിദേശത്തും വാങ്ങിയ സ്വത്തുക്കൾ, രാജ്യത്തിനകത്തും പുറത്തുമുള്ള ഓഫീസുകളുടെയും ജീവനക്കാരുടെയും വിശദാംശങ്ങൾ, ധനകാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ രണ്ട് പാസ്പോർട്ട് ഫോട്ടോ അടക്കമുള്ള രേഖകൾ ആണ് ഹാജരാക്കാൻ നിർദ്ദശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള അന്വേഷണത്തിന്‍റെ ഭാഗമാണ് രേഖകൾ സഹിതം പ്രതിനിധികളോട് ഹജരാകാൻ ആവശ്യപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരിയിൽ ഗുഡ്ഗാവിലെ ഓഫീസ് വിലാസത്തിലാണ് ആദ്യ കത്ത് അയച്ചതെങ്കിലും കമ്പനിക്ക് അത്തരം കള്ളപ്പണ കേസിൽ പങ്കില്ലെന്ന മറുപടിയാണ് നൽകിയത്. ഇതേ തുടർന്നാണ് മുംബൈയിലെ ഫിനാൻസ് ഡയറക്ടർക്ക് ഏപ്രിൽ 8ന് വീണ്ടും കത്ത് നൽകിയത്. നോട്ടീസ് ചോദ്യം ചെയ്ത് ലാവലിൻ കമ്പനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം നിലവിൽ വന്നത് 2003ലാണെന്നും സംസ്ഥാന സർക്കാരുമായി 1995ല്‍ നടന്ന കരാർ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് പ്രധാന വാദം. കേസ് മൂന്നാഴ്ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam