
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേൽ ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു.
സ്വന്തം ചാർട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. അക്കൌണ്ടിലെ പണം കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികൾക്ക് താമസിക്കാൻ ശിവശങ്കർ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള ശിവശങ്കറിന്ഫെ അടുപ്പത്തിൻ്റെ ആഴം ഇതിലൂടെ വ്യക്തമായി.ഈ കാര്യങ്ങളത്രയും അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിലപാടെടുക്കുകയായിരുന്നു. അദ്ദേഹത്തെ നാളെ 10 മണിക്ക് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
അതിവേഗമായിരുന്നു ഇഡി നീക്കങ്ങളെല്ലാം. ഹൈക്കോടതി മുൻകൂർജാമ്യ ഹർജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുർവേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് കൈമാറി. എല്ലാം അറിഞ്ഞിരുന്നെന്നപോലെ രണ്ട് മിനുട്ടിനുള്ളിൽ ശിവശങ്കർ ഉദ്യോഗസ്ഥർക്കൊപ്പം ആശുപത്രിയ്ക്ക് പുറത്തേക്ക് വന്നു.
പിന്നാലെ കസ്റ്റഡിയിയിലെടുത്ത എം ശിവശങ്കറുമായി എൻഫോസ്മെന്ർറ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. യാത്രയ്ക്കിടയിൽ വിശ്രമത്തിനായി ശിവശങ്കറിനെ ചേർത്തലിയിലെ ഹോട്ടലിൽ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. ശിവശങ്കറുമായി സംഘം യാത്ര തിരിച്ചതോടെ ഇഡി ഓഫീസ് പരിസരം പ്രതിഷേധത്തിന്‍റെ കേന്ദ്രമായി.
3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എൻഫോസ്മെന്ർറ് ആസ്ഥാനത്തെത്തി. ചേർത്തലമുതൽ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക്. പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യൽ തുടങ്ങി. ആറുമണിക്കൂറിന് ശേഷം ഒടുവിൽ അറസ്റ്റ്
ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. കേരളജനതയ്ക്ക് അപമാനം. കള്ളക്കടത്ത് കാർക്ക് തീറെഴുതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam