തിരുവനന്തപുരം കോർപ്പറേഷൻ 'മാറാത്തത് മാറും' എന്ന പേരിൽ പുതിയ ബജറ്റ് അവതരിപ്പിച്ചു. ഭവനരഹിതർക്ക് സ്വന്തം വീട്, 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്റീൻ, ആരോഗ്യ-ക്ഷേമ പദ്ധതികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. 

തിരുവനന്തപുരം: നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകി തിരുവനന്തപുരം കോര്‍പറഷേൻ ബജറ്റ്. 'മാറാത്തത് മാറും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ, ആരോഗ്യ-ക്ഷേമ മേഖലകൾക്കും പശ്ചാത്തല വികസനത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. മുൻ ഭരണസമിതിയുടെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം.

നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതി ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്‍പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.

രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്‍ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി സഹകരിച്ച് കളക്ഷൻ സെന്‍ററുകൾ തുടങ്ങും.

അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് അനന്തപുരി

ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും. ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് 15 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ 'സൺറൈസ് പദ്ധതി' (5 കോടി) ആരംഭിക്കും.

പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. കൂടാതെ, അനന്തപുരി തൊഴിൽ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടിയുടെ പദ്ധതിയും ആരംഭിക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 30 ലക്ഷം രൂപ.

ട്രാൻസ്ജെൻഡർ ക്ഷേമം: ആനുകൂല്യങ്ങൾക്കായി 50 ലക്ഷവും തൊഴിൽ പരിശീലനത്തിന് 20 ലക്ഷവും.

സ്കിൽ ഹബ്ബ്: യുവജനങ്ങൾക്കും സ്ത്രീകൾക്കും നൈപുണ്യ വികസനത്തിന് 10 ലക്ഷം.

സ്വച്ഛഭാരത് മാതൃക: പൊതുസ്ഥലങ്ങളിൽ 200 അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടി രൂപ.

തെരുവുനായ നിയന്ത്രണം: തെരുവുനായ്ക്കൾക്കായി ഷെൽട്ടർ (3 കോടി), പുതിയ എബിസി സെന്‍റർ (3 കോടി), പോർട്ടബിൾ ക്രിമറ്റോറിയം (50 ലക്ഷം).

സീവറേജ്: നെറ്റ്‌വർക്ക് വിപുലീകരണത്തിന് 10 കോടി.

നേമത്ത് 2 കോടി രൂപ ചെലവിൽ മൾട്ടിപ്ലക്സ് കോംപ്ലക്സ്.

നഗരത്തിലെ വിവിധ വാർഡുകളെ ബന്ധിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള മാതൃകാ റോഡുകൾ (10 കോടി).

ഫ്ലക്സ് പോസ്റ്റർ ഫ്രീ സോണുകൾ നടപ്പാക്കാൻ 25 ലക്ഷം.

പുത്തൻപാലം കേന്ദ്രീകരിച്ച് ടൗൺഷിപ്പ് വികസനം (5 കോടി).