മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെൻ്റ ചോദ്യം ചെയ്തു; എൻഐഎയും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് സൂചന

By Web TeamFirst Published Sep 11, 2020, 6:33 PM IST
Highlights

വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച ഘട്ടത്തിലും ഇതുവരെ എൻഫോഴ്സ്മെൻ്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പറഞ്ഞത്.

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം ന്യൂനപക്ഷകാര്യമന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിൻ്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് കെടി ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടത്. 

വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച ഘട്ടത്തിലും ഇതുവരെ എൻഫോഴ്സ്മെൻ്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ദില്ലിയിലെ എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചത്. എൻഫോഴ്സ്മെൻ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെടി ജലീലിൽ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന. 

രാവിലെ ആലുവയിൽ നിന്നും അരൂരിലെ തൻ്റെ സുഹൃത്തിൻ്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. അരൂരിലേക്ക് തിരിക്കും മുൻപ് ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ വന്നു കണ്ടത് എന്നാണ് സൂചന. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവവും പ്രതികളുമായുള്ള ബന്ധവും മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം

click me!