
കൊച്ചി : ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ അറിഞ്ഞാണെന്നാണ് സ്വപ്നയുടെ മൊഴി. ഇടപാടുകളിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിഎം രവീന്ദ്രൻ ഒഴിവായത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താൻ കഴിയുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു. ഒന്നാംപിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന അഴിമതിയിൽ ഇഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സിഎം രവീന്ദ്രൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam