Latest Videos

ബിനീഷിനെ കാണാൻ ഇന്നും അനുവദിച്ചില്ല, അഭിഭാഷകരെ തടഞ്ഞ് ഇഡി, വീണ്ടും കോടതിയിലേക്ക്

By Web TeamFirst Published Nov 3, 2020, 1:09 PM IST
Highlights

കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി അഭിഭാഷകർ മാധ്യമങ്ങളോട്  പ്രതികരിച്ചു.

ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകർ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശത്തിന് എതിരായി ഇഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി. 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതൽ വാദങ്ങൾ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

സ്വർണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നും എന്‍ഫോഴ്സ്മെന്‍റ്  പറയുന്നു  ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നുമാണ് എൻഫോഴ്സ് മെന്റ് വാദം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തില്‍ പരിശോധിക്കും. 

 

click me!