
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപോരാട്ടമാകുന്നു. കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചതോടെ കടുത്ത എതിര്‍പ്പുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ വിഷയം സജീവ ചർച്ചയാകുകയാണ്.
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങ് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് കാട്ടി ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സിഇഒ കെ എം അബ്രഹാമിനോട് നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്‍റ് അറിയിച്ചിരിക്കുന്നത്. വിദേശനാണയപരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കിഎഫ്ബി സിഇഒ, ഡെപ്യൂട്ടി എംഡി, ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവി എന്നിവർകൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാൽ വിദേശ നാണയ പരിപാലന നിയമത്തിന്‍റെ ലംഘനം ഉണ്ടായെന്ന് നോട്ടീസിൽ പറയുന്നുണ്ട്. കിഫ്ബിയുടെ പാർട്ണർ ബാങ്കാണ് ആക്സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിയുടെ സുപ്രധാന നടപടി വലിയ രാഷ്ട്രീയ കോളിളക്കമാകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഎഫ്ബിക്കെതിരെ കേസെടുത്ത് ഇഡി നടപടിയെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമർശനത്തിൻറെ തുടർച്ചയാണ് ഇഡി നീക്കമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
ഇഡിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വെല്ലുവിളിച്ചു. കിഎഫിബി ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുകയാണെന്നും മുട്ടുമടക്കില്ലെന്നും ഐസക്ക് കൂട്ടിച്ചേർത്തിരുന്നു. അതേസമയം കിഫ്ബിയെ തകർക്കാനുള്ള ബിജെപി ഗൂഡാലോചന എന്നു പറഞ്ഞ് വികസന അജണ്ട സർക്കാർ വീണ്ടും ഉയർത്തുമ്പോൾ പ്രതിപക്ഷം തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. കിഎഫ്ബിക്കെതിരെ ഗുരുര ആരോപണം നേരത്തെ ഉന്നയിച്ച രമേശ് ചെന്നിത്തല ഇപ്പോഴത്തെ കേസിൽ ദുരൂഹത ആരോപിച്ചാണ് രംഗത്തെത്തിയത്. കേസെടുത്തതിന് പിന്നിൽ സിപിഎം-ബിജെപി ഒത്തുതീർപ്പാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് നിയമം ലംഘിച്ച് കാര്യങ്ങൾ നടക്കുന്നതിന്‍റെ തെളിവാണ് കിഫ്ബിക്കെതിരായ ഇഡി കേസെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam