ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് 6 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍

By Web TeamFirst Published Oct 29, 2020, 6:29 AM IST
Highlights

ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങും. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്ത് മണിക്ക് ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്തത്. 

ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തൊട്ടു പിന്നാലെയാണ്  തിരുവനന്തപുത്ത് നിന്ന്  എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കരെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നെ നേരെ കൊച്ചിയിലേക്ക്. വന്‍ പ്രതിഷേധം കണക്കിലെടുത്ത് കൊച്ചിയിലെ ഇഡി ഓഫീസിലേക്കുള്ള രണ്ട് വഴികളും പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു ഓഫീസിന് സമീപത്തേക്ക് പ്രവേശനം. ഉച്ചക്ക് മൂന്നരയോടെ ശിവശങ്കറെയും കൊണ്ട് ഉദ്യോഗസ്ഥര്‍ ഇഡി ആസ്ഥാനത്തെത്തി.

തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കറുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതും. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായി. അറസ്റ്റിനായി കസ്റ്റംസും വാദം ഉന്നയിച്ചു. ഇതിനിടെ ഇഡിയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാറും എത്തി. പിന്നീട് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു. ഒടുവില്‍ ഒമ്പതരയോടെ ഇഡി തന്നെ അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക്. പുറത്ത് കാത്തു നിന്ന് മാധ്യമപ്രവര്‍ത്തകരോട് ഒരു പ്രതികരണത്തിനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.  

പത്ത് മണിയോടെ അറസ്റ്റ് മെമ്മോ തയ്യാറായി. ശിവശങ്കറുടെ ഒപ്പും വാങ്ങി. രാത്രിയില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയേണ്ടതിനാല്‍  ശിവശങ്കറെ വൈദ്യ പരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനം. തുടര്‍ന്ന് ശിവശങ്കറെയും കൊണ്ട് രണ്ട് വാഹനങ്ങളിലായി  ഇ‍ഡിഉദ്യോഗസ്ഥര്‍ പുറത്തേക്ക്. രണ്ടാമത്തെ കാറില് രണ്ട് ഉദ്യോഗസ്ഥരുടെ ഇടയിലാണ് ശിവശങ്കറെ ഇരുത്തിയത്.

പിന്നെ നേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്. പരിശോധനക്ക് എടുത്തത് അര മണിക്കൂര്‍. ആരോഗ്യപ്രശ്നങ്ങളില്ലന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയതോടെ തിരികെ വീണ്ടും ഇഡി ഓഫീസിലേക്ക്. ഇനി ശിവശങ്കറെ കാത്തിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ ദിനങ്ങള്‍.

click me!