
ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ബെംഗലൂരു കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരും ബിനീഷിന്റെ അഭിഭാഷകരും നേരത്തെ തന്നെ കോടതിയിൽ എത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് അധികൃതര്‍ കോടതിയെ അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസം ബിനീഷിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ നടന്നില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തു തവണ ഛർദിച്ചെന്നു ബിനീഷ് കോടതിയിൽ പറഞ്ഞു. കടുത്ത ശാരീരിക അവശതയുണ്ടെന്നും ബിനീഷ് അറിയിച്ചു.
അതിനിടെ ബിനീഷ് കോടിയേരിയെ കാണാൻ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നൽകാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കാണാൻ പോലും സമ്മതിക്കാതെ ഇഡി ഉദ്യോഗസ്ഥർ ബിനീഷിനു സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നു അഭിഭാഷകർ കോടതിയിലും ആവർത്തിക്കും. 50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസിൽ ജാമ്യം അനുവദിക്കാൻ നിയമമുണ്ടെന്നും, പണത്തിന്‍റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങൾ ഇതിനോടകം സമർപ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.
ഇഡി കോടതിയിൽ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായിരിക്കും ഏറെ നിര്‍ണ്ണായകം. ബിനീഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമോ എന്നതും അറിയേണ്ടതുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ ബെംഗളൂരു ലഹരിമരുന്ന് കേസിലെ മറ്റു പ്രതികൾ റിമാൻഡിൽ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്കായിരിക്കും ഇന്ന് ബിനീഷിനെ മാറ്റുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam