
കൊച്ചി: ചന്ദ്രിക (Chandrika) കള്ളപ്പണ കേസിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ (Syed Mueen Ali Shaihab Thangal) മൊഴി എൻഫോഴ്സ്മെന്‍റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ഇന്ന് ഉച്ചയോടെയാണ് മുഈൻ അലി തങ്ങൾ കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത് മുഈൻ അലി തങ്ങളെയായിരുന്നു.
ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഈന്‍ അലിയെ ചോദ്യം ചെയ്യാന്‍ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു മുഈന്‍ അലിയുടെ ആരോപണം. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണ്. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇഡി നേരത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam