സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണ പുരോഗതി വിലയിരുത്തി എൻഫോഴ്സ്മെന്‍റ് ഉന്നതന്‍

By Web TeamFirst Published Sep 18, 2020, 8:11 AM IST
Highlights

അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പി വിജയകുമാർ, എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി എ ഉണ്ണികൃഷ്ണൻ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തി എൻഫോഴ്സ്മെന്‍റ് സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍. ഇന്നലെ ഉച്ചയോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ എത്തിയ സുശീല്‍കുമാര്‍ 5 മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 

അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ പി വിജയകുമാർ, എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ടി എ ഉണ്ണികൃഷ്ണൻ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ രണ്ട് മാസം കൂടുന്പോഴുള്ള പതിവ് സന്ദര്‍ശനം മാത്രമാണിതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. കസ്റ്റംസ് കമ്മീഷ്ണറുമായും സുശീല്‍ കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷടക്കം എട്ടുപ്രതികളുടെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ റിമാൻഡ് നീട്ടണമെന്ന് എൻ ഐ എ ആവശ്യപ്പെടും. 

നിലവിൽ വിയ്യൂർ ജയിലിലാണ് സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾ ഉളളത്. ഇതിനിടെ ഒന്നാം പ്രതി സരിത് അടക്കം മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കസ്റ്റംസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട് സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് ഇവരുടെ വാദം. ഇതിനിടെ കഴി‍ഞ്ഞ ദിവസം എൻ ഐ എ കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

click me!