
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ - എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതുവഴി 9 സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും ഏതിലും ഒഴിവുണ്ടായാൽ വിദ്യാർത്ഥികൾക്ക് ഒറ്റ കേന്ദ്രത്തിൽ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു. എന്നാൽ ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതോടെയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കിയത്.
13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ പോകാതെ തന്നെ 9 ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും പ്രവേശനം നേടാൻ കഴിയും. ഇതിനായി 12 ൽ ഏതെങ്കിലും ഒരു കോളേജിൽ എത്തി അപേക്ഷകർ റിപ്പോർട്ട് ചെയ്താൽ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ മുഖാന്തരം റാങ്ക് അനുസരിച്ച് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു. ഇതിനായി 13-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി 12 ൽ ഏതെങ്കിലും ഒരു കോളേജിൽ എത്തി റിപ്പോർട്ട് ചെയ്യണം. ഇതോടെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനായി തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ എത്തണം എന്ന പ്രശ്നത്തിനും പരിഹാരമാവുകയാണ്.
തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ മുൻ വർഷങ്ങളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്ന സോഫ്റ്റ്‌വെയർ വിദഗ്ധരുടെ ടീം തന്നെയാകും 13 ന് നടക്കാൻ പോകുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഏകോപിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ടിസി/എൻഒസി (നിലവിൽ സർക്കാർ എൻജിനീയറിങ് കോളേജുകളിൽ അഡ്മിഷൻ എടുത്തവർ ഒഴികെ) ഹാജരാക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam