കേന്ദ്ര ഏജൻസികളുടെ അന്വേഷണം: സർക്കാരും സിപിഎമ്മും വെട്ടിൽ, പ്രതികരിക്കാതെ നേതാക്കളും മന്ത്രിമാരും

Published : Jan 13, 2024, 02:02 PM IST
കേന്ദ്ര ഏജൻസികളുടെ അന്വേഷണം: സർക്കാരും സിപിഎമ്മും വെട്ടിൽ, പ്രതികരിക്കാതെ നേതാക്കളും മന്ത്രിമാരും

Synopsis

വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

തിരുവനന്തപുരം : കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക്  കെഎസ്ഐഡിസി കൂടി വന്നത് സർക്കാരിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നു. രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങൾക്ക്, കെഎസ്ഐഡിസി മറുപടി പോലും നൽകിയില്ലെന്ന കണ്ടെത്തൽ, സർക്കാറിന് കുരുക്കാണ്. വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

മാസപ്പടി വിവാദം കത്തിനിൽക്കെ രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്. ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ എല്ലാം പൊളിക്കുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരിയാണ് വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്കുള്ളത്. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്ഐഡിസി മറുപടി പോലും നൽകാത്തതാണ് അതീവ ദുരൂഹം. എല്ലാം സുതാര്യമെങ്കിൽ അത് തെളിയിക്കാൻ സർക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം. ഇടപാടിലെ ക്രമക്കേടുകളിൽ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഒഴിഞ്ഞുമാറൽ.

വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനിൽക്കില്ല. മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവർത്തനം തന്നെ നിർത്തിയിരുന്നു. എക്സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാസപ്പടി ചോദ്യങ്ങൾക്കെല്ലാം നേരത്തെ ഓണാംശംസ നൽകി ഒഴിഞ്ഞ് മാറിയവരും മുഖ്യമന്ത്രിയുടെ മകൾക്കെന്താ ബിസിനസ് നടത്തികൂടെ എന്ന് ചോദിച്ച സിപിഎം നേതാക്കളും പുതിയ അന്വേഷണ ഉത്തരവിനോട് മിണ്ടിയില്ല. നിയമസഭസമ്മേളനവും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തിത്തുടങ്ങുന്നത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി
പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ