
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
നവംബർ 29 മുതല്‍ കഴിഞ്ഞ രണ്ടാം തീയതി വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ളാസില്‍ പ്ളസ്ടു വിദ്യാര്‍ത്ഥിനി ഇരുന്നത്. വിദ്യാര്‍ത്ഥികളിൽ ചിലർക്ക് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. എംബിബിഎസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് ആശംസകൾ അറിയിച്ചുള്ള ചിത്രങ്ങൾ കോളജിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ വന്നിരുന്നു. ഇതിൽ ഒരാളുടെ കാര്യത്തിൽ കുട്ടികൾ തന്നെ സംശയം പ്രകടിപ്പിച്ചു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി തിരിച്ചറിഞ്ഞത്. നാലു ദിവസം ക്ളാസിലിരുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പ്രവേശന പട്ടികയിൽ ഇല്ലാത്ത കുട്ടിയുടെ പേര് പക്ഷെ ഹാജർ ബുക്കിൽ ഉണ്ടായിരുന്നു.
247 വിദ്യാർത്ഥികൾക്കാണ് ഈ വര്‍ഷം ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നല്‍കിയത്. മൂന്ന് സീറ്റുകളില്‍ കൂടി ഇനി പ്രവേശനം നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആള്‍മാര്‍ട്ടം നടന്നത്. സംഭവത്തിൽ വീഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് തുറന്ന് സമ്മതിച്ചു. ക്ലാസ് തുടങ്ങിയ ആദ്യദിവസം സമയ നഷ്ടം ഒഴിവാക്കാൻ കുട്ടികളെ ധൃതിയിൽ പ്രവേശിപ്പിച്ചപ്പോൾ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിൻസിപ്പാൾ വിശദീകരിച്ചു.
അതേസമയം, സംഭവത്തിൽ ദുരൂഹതയേറെയാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ അനധികൃതമായി ക്ളാസില്‍ ഇരുത്തിയതിന് പിന്നില്‍ ആര്‍ക്കല്ലൊം പങ്കുണ്ടന്നില്‍ അന്വേഷണം പുരോഗമിക്കുന്നതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. മലപ്പുറം സ്വദേശിയാണ് വിദ്യാർത്ഥിനി എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam