കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺ​ഗ്രസ് പാർട്ടി വിട്ടു. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്.

ആലപ്പുഴ: കോൺ​ഗ്രസ് പാർട്ടി വിടുന്നതായി കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ്. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നുവെന്നും പാർട്ടിയോട് വിട പറയുന്നതെന്നും എം ജെ ജോബ് പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം നേതൃത്വം പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെ അറിയിച്ചില്ല. അവ​ഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവർത്തകരെ വിശ്വാസത്തിൽ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു.

ജി സുധാകരനെ കോൺ​ഗ്രസ് പിന്തുണയ്ക്കുന്നതിൽ അതൃപ്തി പരസ്യമാക്കിയാണ് എം ജെ ജോബ് രം​ഗത്തുവന്നത്. അമ്പലപ്പുഴയിൽ കമ്മ്യൂണിസ്റ്റ്‌ നേതാവ് ജി സുധാകരനെ കോൺഗ്രസ്‌ പിന്തുണക്കുന്നു എന്ന് അറിഞ്ഞു. കോൺഗ്രസിന് അത് വിസ്മയമാണ്. യുഡിഎഫിന് അത് മുതൽക്കൂട്ട് ആവാൻ സാധ്യത ഉണ്ട്. എം വി രാഘവനും ഗൗരിയമ്മയും വിസ്മയം സൃഷ്ടിച്ചു. അതെവിടെ അവസാനിച്ചു എന്ന് എല്ലാവർക്കും അറിയാം. ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടിൽ നിന്ന് കെ എസ് യുവിൻ്റെ കൊടി ഉയർത്തി രാഷ്ട്രീയത്തിൽ വന്നവനാണ് ഞാൻ. അമ്പലപ്പുഴയിലെ കോൺഗ്രസ്‌ പ്രവർത്തകർ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട്. ജി സുധാകരന് പിന്തുണ നൽകുമ്പോൾ കൂടിയാലോചന വേണമായിരുന്നു. ഈ നിമിഷം വരെ നേതൃത്വം മിണ്ടിയിട്ടില്ല. പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരെ നേതൃത്വത്തിന് വിശ്വാസമില്ലാത്തത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുതായും ജോബ് മാധ്യമങ്ങളോട് പറഞ്ഞു.

ജി സുധാകരനും സിപിഎമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചു. അമ്പലപ്പുഴയിൽ ഒരുപാട് കോൺഗ്രസുകാർ സിപിഎമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്. സുധാകരൻ ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ച് പാർട്ടി വിട്ട ആളാണ്. സ്ഥാനാർത്ഥി നിർണായത്തിൽ മാന്യതയും മര്യാദയും കാണിക്കണം. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പാർട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ കോൺഗ്രസിനെ ആലപ്പുഴയിൽ ബീഹാർ മോഡലിലേക്ക് തള്ളി വിടുന്നു. കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ സുധാകരൻ ഒന്നു പരിഗണിക്കാൻ പോലും തയാറായിട്ടില്ല. പ്രതിഷേധക്കാരെ തല്ലി ചതച്ചത് തെറ്റായി പോയെന്നു ജി സുധാകരൻ പറഞ്ഞിട്ടുണ്ടോ? സുധാകരന് വീട്ടിൽ കൊണ്ടുചെന്ന് പിന്തുണ കൊടുക്കേണ്ട. എത്ര മഹാൻ ആണെങ്കിലും പിന്തുണ വേണമെന്ന് പറയട്ടെ. പാർട്ടിക്ക് മുന്നിൽ അപേക്ഷ നൽകണം. ദില്ലിയിൽ നിന്ന് വിമാനത്തിലാണ് പിന്തുണ കൊടുത്തുവിടുന്നത്. സുധാകരന് പിന്തുണ നൽകുന്നതിലൂടെ പാവപ്പെട്ട കോൺഗ്രസുകാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും എം ജെ ജോബ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming