പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ വായ്പയെടുത്ത് സംരംഭം തുടങ്ങിയവർ പൊല്ലാപ്പിലായി; സബ്‌സിഡി വൈകുന്നു

Published : Sep 13, 2023, 06:59 AM IST
പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ വായ്പയെടുത്ത് സംരംഭം തുടങ്ങിയവർ പൊല്ലാപ്പിലായി; സബ്‌സിഡി വൈകുന്നു

Synopsis

സംസ്ഥാനസര്‍ക്കാരിന്‍റെ കേരള ഖാദി ബോര്‍ഡിനെ ഇടനിലക്കാരാക്കി കേന്ദ്രത്തിന് കീഴിലുള്ള ഖാദി കമ്മീഷനാണ് സബ്‍സിഡി അനുവദിക്കേണ്ടത്

കൊല്ലം: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയായ പിഎംഇജിപി വഴി വായ്പയെടുത്ത് സംരംഭം തുടങ്ങിയവര്‍ക്ക് സബ്‍സിഡി വൈകുന്നതായി പരാതി. തിരിച്ചടവ് തുടങ്ങി മൂന്നുവര്‍ഷം കഴിഞ്ഞാൽ സബ്‍സിഡി ബാങ്കിലെത്തുമെന്നായിരുന്ന പ്രഖ്യാപനം. അഞ്ചുവര്‍ഷം ആകാറായിട്ടും നടപ്പായില്ല. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഖാദി കമ്മീഷന്‍റെ നടപടികൾ വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

3 ലക്ഷം രൂപാ വായ്പയെടുത്ത് പൊടിമില്ല് തുടങ്ങിയ കൊല്ലം വെളിനല്ലൂര്‍ അരീക്കുഴി സ്വദേശി അജന്തകുമാരിയമ്മയ്ക്ക് കിട്ടാനുള്ളത് 1.16ലക്ഷം രൂപയാണ്. ലോൺ അടച്ച് തീരാറായിട്ടും സബ്‍സിഡി കിട്ടിയിട്ടില്ല. 10 വര്‍ഷം മുൻപ് ഭര്‍ത്താവ് മരിച്ച അജന്തകുമാരി പ്രധാനമന്ത്രി എംപ്ലോയ്മെന്‍റ് ജനറേഷൻ പ്രോഗ്രാം വഴി മൂന്ന് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തത് 2018 നവംബറിലായിരുന്നു. പൊടിമില്ല് തുടങ്ങിയത് 2019 ഫെബ്രുവരി 24ന്. അധികമായി മൂന്ന് ലക്ഷം രൂപാ കൂടി മുതൽ മുടക്കിലായിരുന്നു മില്ല് നിര്‍മ്മാണം. ആറാം മാസം മുതൽ വായ്പ തിരിച്ചടക്കാൻ തുടങ്ങി. നാവിക സേനയിൽ ജോലി ചെയ്യുന്ന മകന്‍റെ സഹായം കൂടിച്ചേര്‍ത്ത് മാസം 7000 രൂപാ വച്ച് 60 മാസമായി 4.20 ലക്ഷം രൂപ അടച്ചു. 2500 രൂപ കൂടി അടച്ചാൽ തിരിച്ചടവ് തീരും. എന്നാൽ വായ്പ തുക പൂർണമായി തിരിച്ചടച്ചാൽ സബ്‍സിഡി കിട്ടില്ല. 

സംസ്ഥാനസര്‍ക്കാരിന്‍റെ കേരള ഖാദി ബോര്‍ഡിനെ ഇടനിലക്കാരാക്കി കേന്ദ്രത്തിന് കീഴിലുള്ള ഖാദി കമ്മീഷനാണ് സബ്‍സിഡി അനുവദിക്കേണ്ടത്. ഏജൻസിയെ ഉപയോഗിച്ച് സര്‍വ്വേ നടത്തി മടങ്ങിയതല്ലാതെ സബ്‍സിഡിയിൽ തീരുമാനമായില്ല. അജന്തകുമാരിയെ പോലെ നിരവധി സംരംഭകരാണ് ഇതുപോലെ പൊല്ലാപ്പിലായവര്‍.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ