വയനാട് തുരങ്കപാത നടപ്പാക്കുന്നതില്‍ കടമ്പകളേറെ; പദ്ധതിക്കെതിരെ നീക്കവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

Published : Apr 08, 2023, 12:27 AM ISTUpdated : Apr 08, 2023, 12:28 AM IST
വയനാട് തുരങ്കപാത നടപ്പാക്കുന്നതില്‍ കടമ്പകളേറെ; പദ്ധതിക്കെതിരെ നീക്കവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

Synopsis

പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി. പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. 

തുരങ്കപാതയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നീക്കം നിമയവിരുദ്ധമാണെന്നും നേതാക്കള്‍ ആരോപിച്ചു. മറ്റു ജില്ലകളിലേക്കെന്ന പോലെ വയനാട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്ന അവകാശവാദത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആനക്കാംപൊയില്‍-മേപ്പാടി റോഡ് പദ്ധതിയിലാണ് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ സ്വര്‍ഗംകുന്ന് മുതല്‍ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്ന തുരങ്കപാത ഉള്‍പ്പെട്ടിട്ടുള്ളത്.  സമുദ്രനിരപ്പില്‍ നിന്ന് വ്യത്യസ്ത ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളെ ഏത് വിധത്തില്‍ ബന്ധപ്പെടുത്തുമെന്ന കാര്യം പഠിക്കാതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മേപ്പാടി പ്രദേശം നിലകൊള്ളുന്നത് സമുദ്രനിരപ്പില്‍ നിന്ന് 874 മീറ്റര്‍ ഉയരത്തിലാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ കള്ളാടി പ്രദേശമാകട്ടെ സമുദ്രനിരപ്പില്‍ നിന്ന് 52 മീറ്റര്‍ ഉയരത്തിലുമാണ്. ഈ രണ്ട് പ്രദേശങ്ങളെയും തുരങ്കപാത നിര്‍മാണത്തില്‍ ഏത് വിധത്തില്‍ ബന്ധപ്പെടുത്തുമെന്നതിനെയാണ് പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കള്‍ ചോദ്യം ചെയ്യുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശം വഴി നടപ്പാക്കാന്‍ പോകുന്ന പദ്ധതി പാരിസ്ഥിതികാഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി നേടാതെയുമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പിലേക്ക് വെച്ചിരിക്കുന്നത്. 2019-ലെ പ്രളയകാലത്ത്  മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ച കവളപ്പാറ, പുത്തുമല, മൂണ്ടക്കൈ, പാതാര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലാണ് തുരങ്കപാതക്കായി മല തുരക്കേണ്ടി വരുന്നതെന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുകയാണെന്ന് ഇവര്‍ പറയുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ജലലഭ്യത, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ജനങ്ങളെ കൂടി ബോധ്യപ്പെടുത്തുന്നതിനായി ഈ മാസം പതിനാറിന് സമിതി കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാകും നിവേദനം തയ്യാറാക്കുകയെന്ന് സമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍ സലിംകുമാര്‍, പി.ജി മോഹന്‍ദാസ് എന്നിവര്‍ പറഞ്ഞു. ഏപ്രില്‍ 22ന് സമിതി നിയോഗിക്കുന്ന പ്രതിനിധി ഡല്‍ഹിയിലെത്തി ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് നിവേദനം നല്‍കും. 2021ലാണ് ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായിരിക്കുമിത്.

Read Also: കോഴിക്കോട് ദമ്പതിമാരെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി, ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു; ഭർത്താവിനെ കൊണ്ടുപോയി

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം