
കണ്ണൂർ: കേരളത്തിലെ ഗവർണ്ണർ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ജന താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു 11 ഓർഡിനൻസുകൾ സർക്കാർ മുന്നോട്ട് വെച്ചത്. ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല. ഇപ്പോൾ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർ എസ് എസിന്റെ പ്രവർത്തകരും പ്രചാരകരുമാണ്. ഗവർണറുടെ ഓഫീസുകളിലും നിയമിക്കപ്പെടുന്നത് ആർ എസ് എസുകാരാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്‍റേത് പ്രഖ്യാപിത നിലപാടെന്ന് ഇ പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണമെന്നുമായിരുന്നു വിഷയത്തിൽ ഇപി ജയരാജന്റെ പ്രതികരണം. പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു. സി പി എം നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.
പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പോസ്റ്റ് പിൻവലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീൽ അറിയിച്ചത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നു എന്നാണ് കെ ടി ജലീൽ നൽകിയ വിശദീകരണം. എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാർ കെ ടി ജലീലിന്‍റെ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam