
കണ്ണൂർ: വൈദേകം റിസോർട്ട് വിവാദത്തിൽ തനിക്കെതിരായ പരാതിക്ക് പിന്നിൽ പി ജയരാജനല്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടിക്കകത്ത് ഒരു പരാതിയും ഉയർന്നില്ലെന്നും അങ്ങനെ ഒരു വിഷയം മാധ്യമങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്ന് പറഞ്ഞ പി ജയരാജൻ രണ്ട് ദിവസം മുൻപും തന്റെ വീട്ടിൽ വന്നിരുന്നുവെന്നായിരുന്നു ഇപിയുടെ മറുപടി. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. എന്തിനാണ് ഞങ്ങൾ തമ്മിൽ പരസ്പരം വെറുക്കേണ്ടത്. ജയരാജൻ എന്നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. എന്നാൽ വിവാദം ഉണ്ടാക്കിയതിന്റെ കേന്ദ്രങ്ങൾ തനിക്കറിയാമെന്ന് പറഞ്ഞ അദ്ദേഹം അതിന് പിന്നിൽ താൻ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഭരിക്കാൻ നോക്കിയവരാണെന്നും പറഞ്ഞു. വിവാദത്തെ പ്രതിരോധിക്കാതിരുന്നത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പൊലീസ് നയം തീരുമാനിക്കുന്നത് പി ശശിയല്ല. അത് തെറ്റായിട്ടുള്ള കാര്യമാണ് ആ പറയുന്നത്. അതൊക്കെ സർക്കാരിനെ ചെറുതാക്കാൻ പറയുന്നതാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ശശി. അദ്ദേഹം തന്റെ ചുമതലയാണ് ശശി നിർവഹിക്കുന്നത്. സർക്കാരിന്റെ നയമാണ് നടപ്പാക്കുന്നത്. തെറ്റായി ശശിയെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിരോധിച്ചത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നത് കൊണ്ടാണ്. സെക്യൂരിറ്റിയുണ്ടെന്ന് കരുതി പിബി അംഗമായ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നത് കൈയ്യും കെട്ടി നോക്കിനിൽക്കുമോ താൻ? ഇത്തരം സംഭവമുണ്ടെങ്കിൽ ഇനിയും പ്രതിരോധിക്കും. എന്റെ കൺമുന്നിൽ വെച്ച് പാർട്ടി സഖാക്കളെ ആക്രമിച്ചാൽ നോക്കി നിൽക്കില്ല. അതിനി ബോംബാക്രമണമായാലും വെടിവെപ്പായാലും തരക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാധ്യമപ്രവർത്തനത്തിന് നേരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പൊലീസിന് കിട്ടിയ പരാതിയിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കെതിരെ കേസെടുത്തത് മാത്രമാണ്. ഗൂഢാലോചന പറഞ്ഞിരിക്കുന്നത് ഒരു പരാതിയിലാണ്. ആ പരാതി അന്വേഷിച്ച് അടിസ്ഥാനമില്ലെങ്കിൽ പിന്നെ കേസുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam