
തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ വാദം പൊളിയുന്നു. താൻ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ എൻ കെ മനോജ് കോർപ്പറേഷനിൽ ഉണ്ടായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ ഇ പി ജയരാജനാണ് മനോജിനെ എംഡിയായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ കരകൗശല വികസന കോർപ്പറേഷൻ എംഡി എൻ കെ മനോജിന് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയ നടപടി വിവാദമായിരുന്നു. താൻ മന്ത്രിയാകുന്നതിന് മുമ്പ് തന്നെ എൻ കെ മനോജ് കോർപ്പറേഷനിൽ ഉണ്ടായിരുന്നുവെന്നാണ് മനോജിന്‍റെ നിയമനത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജൻ ഇന്നലെ പ്രതികരിച്ചത്. എന്നാൽ, മനോജിനെ കരകൗശല വികസന കോർപ്പറേഷൻ എംഡിയായി നിയമിക്കണമെന്നുകാട്ടി ഇ പി ജയരാജൻ ഒപ്പിട്ട സർക്കാർ നോട്ട് ഈ വാദം പൊളിക്കുന്നു.
കാംകോ എംഡിയായിരിക്കെ എൻ കെ മനോജ് 1000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് സിഎജിയും ധനകാര്യ പരിശോധന വിഭാഗവും കണ്ടെത്തിയിരുന്നു. മുൻ സർക്കാരിന്‍റെ കാലത്ത് പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പൂജപ്പുര വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം എങ്ങുമെത്തിയില്ല. നിയമനത്തിന് ചുക്കാൻ പിടിച്ച മന്ത്രിയാകട്ടെ വിവാദമായപ്പോൾ മലക്കം മറിഞ്ഞ് എല്ലാം നിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam