കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ, കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് കേരളത്തിൽ അഭയം തേടി. തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫർമാനെ തിരുവനന്തപുരം അരുമാനൂർ ക്ഷേത്രത്തിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചു. സിപിഎം നേതാക്കളായ പികെ ശ്രീമതി, വി ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവർ വിവാഹത്തിന് പിന്തുണ നൽകി.

കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയായതിന് പിന്നാലെ, പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചർ. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ച് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് മൊണാലിസ ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചത്. ലോകത്തിന്റെ ഏത് മൂലയിലാണ് സംരക്ഷണം കിട്ടുക എന്ന് ചിന്തിച്ചു അവരുടെ മനസ് പരക്കം പാഞ്ഞുവെന്നും അത് കേരളമെന്ന് ബോധ്യമുണ്ടായതിനാൽ അവർ ഇവിടെ വന്ന് വിവാഹിതരായി എന്നുമാണ് പികെ ശ്രീമതി ടീച്ചർ പ്രതികരിച്ചത്.

'മത സാഹോദര്യത്തിനു പുകൾ പെറ്റ കേരളം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മൊണാലിസക്ക് വിവാഹം. സ്കൂളിന്റെ പടി വാതിൽ കാണാത്ത ആ പെൺകുട്ടി മൊണാലിസ. ലോകത്തിന്റെ ഏത് മൂലയിലാണ് സംരക്ഷണം കിട്ടുക എന്ന് ചിന്തിച്ചു അവരുടെ മനസ് പരക്കം പാഞ്ഞു. അത് കേരളം തന്നെ എന്നു അവർക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അവർ വന്നു. വിവാഹിതരായി. സന്തോഷം. അരുമാനൂർ ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി' - എന്നാണ് പികെ ശ്രീമതി ടീച്ചർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ഇന്ന് രാവിലെയാണ് അച്ഛൻ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്ന് ആൺസുഹൃത്ത് ഫർമാനൊപ്പം എത്തിയ മൊണാലിസയെ പൊലീസ് സ്വന്തം ഇഷ്ടപ്രകാരം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും നേരിട്ടെത്തിയാണ് ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയത്. മൊണാലിസയുടെ കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്ന് മൊണാലിസയും ഫർമാനും അറിയിച്ചിരുന്നു.