
കണ്ണൂർ: തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിമാനയാത്രക്കൊരുങ്ങി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു എൽഡിഎഫ് കൺവീനറുടെ യാത്രകൾ. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ തിരുവനന്തപുരം സർവീസ് തുടങ്ങിയതാണ് ജയരാജന് ആശ്വാസമായത്.
കഴിഞ്ഞ ജൂണ്‍ 13 നായിരുന്നു ഇ പി ജയരാജന്‍റെ യാത്രാ വിലക്കിനിടയാക്കിയ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും കമ്പനി നടപടി എടുത്തിരുന്നു. ഇപിയെ മൂന്നാഴ്ചയും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ടാഴ്ചയും ഇൻഡിഗോ വിലക്കി. വിലക്ക് കഴിഞ്ഞിട്ടും ഇപി പിന്നീട് ഇൻഡിഗോയിൽ കയറിയിട്ടില്ല. ട്രെയിനിലായിരുന്നു പിന്നിടുള്ള ഇപിയുടെ കണ്ണൂർ- തിരുവനന്തപുരം യാത്ര.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത് ഇൻഡിഗോ കമ്പനി മാത്രമായിരുന്നു. അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എൽഡിഎഫ് കൺവീനറുടെ വിമാനയാത്ര മുടങ്ങി. അതിനി മാറുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് തുടങ്ങിയതാണ് ഇ പി ജയരാജന് ആശ്വാസമായത്. കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജൻ വീണ്ടും വിമാന യാത്ര നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam