സംഘർഷ മേഖലകളിൽ ഓടിയെത്തി, അക്രമം അവസാനിപ്പിക്കാൻ ഇടപെട്ടു: ഇപി ജയരാജൻ

Published : Oct 02, 2022, 08:36 AM ISTUpdated : Oct 02, 2022, 11:45 AM IST
സംഘർഷ മേഖലകളിൽ ഓടിയെത്തി, അക്രമം അവസാനിപ്പിക്കാൻ ഇടപെട്ടു: ഇപി ജയരാജൻ

Synopsis

കണ്ണൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു ഇപി ജയരാജൻ

കണ്ണൂർ: നിരന്തരം സംഘർഷമുണ്ടായിരുന്ന കാലത്ത് തലശേരിയിലും മറ്റെല്ലായിടത്തും സംഘർഷ മേഖലകളിൽ ഓടിയെത്തുന്ന രീതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേതെന്ന് സഹപ്രവർത്തകനും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ. കണ്ണൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.

'കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ എത്തിയപ്പോഴാണ് താൻ ഈ വാർത്ത അറിഞ്ഞത്. രാത്രി തന്നെ തിരികെ മടങ്ങി. എല്ലാവർക്കും വല്ലാത്ത ദുഖവും വേദനയുമാണ് കോടിയേരിയുടെ വിയോഗം. അങ്ങനെ കേരളത്തിലെ ജനങ്ങളിലെല്ലാം വലിയ അംഗീകാരവും സ്നേഹ വാത്സല്യവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഉത്തമനായ കമ്യൂണിസ്റ്റ് നേതാവാണ് കോടിയേരി'- ഇപി പറഞ്ഞു. 

'തലശേരിയിലും എവിടെയായാലും സംഘർഷ മേഖലയിൽ ഓടിയെത്തി പാർട്ടി സഖാക്കൾക്ക് ആത്മവിശ്വാസം നൽകുന്ന ഇടപെടലാണ് കോടിയേരി എല്ലാ കാലത്തും നടത്തിയത്. സംഘർഷം ഇല്ലാതാക്കാൻ എല്ലാ ഇടപെടലും അദ്ദേഹം നടത്തി. കണ്ണൂരിൽ സംഘർഷവും അക്രമവും ഇല്ലാതാക്കാൻ അദ്ദേഹം ഓടിനടന്ന് ഇടപെടൽ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാവർക്കും മാതൃകയാണ്,'- എന്നും ഇപി പറഞ്ഞു.

ഇന്ന് രാവിലെ 10ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എയർ ആംബുലൻസിലാണ് കോടിയേരിയുടെ ഭൗതികദേഹം കണ്ണൂരിലേക്ക് എത്തിക്കുക. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവിടെ നിന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം  തലശ്ശേരിയിൽ എത്തിക്കും. തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. ഞായറും തിങ്കളും സംസ്ഥാനത്ത് എമ്പാടു നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കൊഴുകും. കോടിയേരിയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച തലശ്ശേരി,ധർമ്മടം,കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു