
തിരുവനന്തപുരം: വിവാദമായ കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വാദം വീണ്ടും പൊളിയുന്നു. എൻ കെ മനോജിന്‍റെ റിയാബ് മാർക്ക് ലിസ്റ്റ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തേത് അല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ മാർക്ക് ലിസ്റ്റ് 2016ലേതാണെന്നാണ്
സർക്കാർ രേഖ.
കരകൗശല വികസന കോർപ്പറേഷൻ എംഡി എൻ കെ മനോജ് 2016ൽ റിയാബ് അഭിമുഖത്തിൽ പരാജയപ്പെട്ടതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. അഭിമുഖത്തിൽ 20ൽ നാല് മാർക്ക് മാത്രം വാങ്ങിയ എൻ കെ മനോജ് റിയാബ് വ്യവസായ വകുപ്പിന് നൽകിയ ശുപാർശ പട്ടികയിലും ഒഴിവായിരുന്നു.
ഇ പി ജയരാജന്‍റെ തന്നെ വകുപ്പിലെ രേഖകളിൽ മാർക്ക് ലിസ്റ്റ് 2016ലേത് തന്നെ എന്നത് വ്യക്തമാണ്. 2016 സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം നടത്തിയതെന്നും 20ൽ അഞ്ച് മാർക്കിൽ കൂടുതൽ നേടിയവരെ മാത്രമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്‍റണി ഒപ്പിട്ട നോട്ടിൽ വ്യക്തമാകുന്നുണ്ട്. എൻ കെ മനോജിന്‍റെ നിയമനത്തിൽ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ തെറ്റായ പ്രതികരണം. ആദ്യം താൻ മന്ത്രിയാകും മുൻപെ മനോജ് കോർപ്പറേഷനിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയ മന്ത്രി രേഖകൾ പുറത്തുവന്നപ്പോൾ തിരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam