
കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയോട് പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ രംഗത്ത്. വിധിന്യായം പൂർണമായും പുറത്തുവന്നിട്ടില്ലെന്നും സി ബി ഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. സി പി എമ്മിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ മറച്ചുവെക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.
പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു
കൊലപാതകവും കൂത്തുപറമ്പ് വെടിവെപ്പും എല്ലാം നടത്തിയ കോൺഗ്രസിന് എന്ത് ധാർമികതയാണ് സി പി എമ്മിനെ വിമർശിക്കാനുള്ളതെന്നും ഇ പി ജയരാജൻ ചോദിച്ചു. സി പി എം ഒരിക്കലും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. സി പി എമ്മിന്റെ നേതാക്കളെ കൊന്ന പാരമ്പര്യം കോൺഗ്രസിനാണ്. പെരിയ കേസിനെ സി പി എമ്മിനെതിരെ തിരിച്ചുവിടാൻ യു ഡി എഫും ബിജെപിയും പരമാവധി ശ്രമിച്ചു. അതിന്‍റെ തുടർച്ചയായാണ് സി പി എമ്മിന്റെ പ്രധാന നേതാക്കളെ കുറ്റക്കാർ ആക്കിയതെന്നും ഇ പി കൂട്ടിച്ചേർത്തു. കെ വി കുഞ്ഞിരാമൻ നിരപരാധിയാണെന്ന് ആരോപണമുന്നയിച്ചവർക്ക് വരെ അറിയാം. പാർട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുമെന്നും ഇ പി വ്യക്തമാക്കി. സി ബി ഐ കോടതിയുടെ ഇന്നത്തെ വിധി അന്തിമവിധിയല്ല. ഇതിനുമേലെയും കോടതികൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതേസമയം പെരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പത്ത് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞെന്നാണ് കോടതി വ്യക്തമാക്കിയത്. ഉദുമ മുൻ എം എൽ എ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരാണെന്നാണ് സി ബി ഐ കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സി പി എമ്മിന്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കുമെന്നും സി ബി ഐ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam