
തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജന്‍. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമര്‍ശിച്ചു. താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അന്വേഷണവാർത്തകൾ തള്ളുമ്പോഴും റിസോർട്ടിൽ ഉയർന്ന ആരോപണങ്ങളിലെ അതൃപ്തി ഇപിയുടെ വാക്കുകളിലുണ്ട്. വിവാദങ്ങൾക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്താണ് ഇപിയും വിവാദങ്ങളെ നേരിടുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം ഇ പി ജയരാജൻ വിശദീകരിക്കുകയും അന്വേഷണമടക്കം തുടര്‍ നടപടികൾ സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് തീരുമാനിക്കുകയും ചെയ്ത സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പുറത്ത് എല്ലാം നേതാക്കൾ നിഷേധിക്കുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന മുൻ നിലപാടിനൊപ്പം നിന്ന സംസ്ഥാന സെക്രട്ടറി അന്വേഷണ വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് ഉറപ്പിച്ച് പറയുന്നു.
തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. വ്യക്തിഹത്യയ്ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വിവാദത്തിന് പിന്നില്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഎമ്മുണ്ടെന്നും പാര്‍ട്ടിയിലും പ്രവര്‍ത്തകരിലുമാണ് ഏറ്റവും വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ ഇന്ന് നിഷേധിച്ചിരുന്നു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നുമാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. റിസോര്‍ട്ട് വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാധ്യമങ്ങളുമായി ഒരു തരം ചര്‍ച്ചയും വേണ്ടെന്നും നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam