
കണ്ണൂർ: ബ്രണ്ണൻ കോളേജിലെ പതിറ്റാണ്ടുകൾ മുൻപിലെ സംഘർഷവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. സുധാകരൻ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് സുധാകരനെന്നും നീച മനസിന്റെ ഉടമയാണെന്നും അധിക്ഷേപിച്ച ഇപി ജയരാജൻ, ഇദ്ദേഹത്തെ കെപിസിസി പ്രസിഡന്റാക്കരുതെന്നും അഭിപ്രായപ്പെട്ടു.
'സുധാകരൻ മാനസിക രോഗം പോലെയാണ് പെരുമാറുന്നത്. സുധാകരൻ പറയാത്ത കാര്യമാണോ മനോരമ പ്രസിദ്ധീകരിച്ചത്. തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരനാണ്. 17 കൊല്ലം തടവിൽ കഴിഞ്ഞയാളെ സുധാകരൻ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ചെലവ് മുഴുവൻ വഹിക്കുന്നത് സുധാകരനാണ്. തന്നെ വധിക്കാൻ കൊലയാളികളെ സുധാകരൻ വാടകക്കെടുത്തു. തന്നെയല്ല പിണറായിയാണ് സുധാകരൻ ഉന്നം വച്ചത്. ആർഎസ്എസുകാരെയാണ് വാടകക്കെടുത്തത്. ക്വട്ടേഷൻ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാ കെപിസിസി പ്രസിഡൻറാക്കിയതെന്നും ജയരാജൻ ചോദിച്ചു.
'പൊലീസുകാരുടെ സംരക്ഷണയിലാണ് നാൽപ്പാടി വാസുവിനെ വെടിവെച്ചത്. കരുണാകരൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് സുധാകരൻ അന്ന് രക്ഷപ്പെട്ടത്. ഇങ്ങനെ വൃത്തിക്കെട്ട മനസുമായി നടക്കുന്ന ആളാണ് കെപിസിസി പ്രസിഡന്റാക്കിയത്. കെ സുധാകരന് മാനസികമായി എന്തോ തകരാറുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള നീച മനസിന്റെ ഉടമയെ കോണ്ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കരുതായിരുന്നു. രാഷ്ട്രീയപ്രവർത്തകന് ഉണ്ടാകാൻ പാടില്ലാത്ത ദുർഗുണം ഉള്ളയാളാണ് സുധാകരൻ,' എന്നും ഇപി വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam