ഇ-പോസ് തകരാർ: പരസ്പരം കുറ്റപ്പെടുത്തി കേരളവും കേന്ദ്രവും; ഇന്നും റേഷൻ വിതരണത്തിൽ നിയന്ത്രണം

Published : May 03, 2023, 06:55 AM IST
ഇ-പോസ് തകരാർ: പരസ്പരം കുറ്റപ്പെടുത്തി കേരളവും കേന്ദ്രവും; ഇന്നും റേഷൻ വിതരണത്തിൽ നിയന്ത്രണം

Synopsis

ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത്

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷൻ വിതരണം താളം തെറ്റിയ സംഭവത്തിൽ പരസ്പരം പഴിചാരി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.​

ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത്. സമയക്രമം വച്ചുള്ള റേഷൻ വിതരണമായിരിക്കും ഇന്നും സംസ്ഥാനത്ത് നടക്കുക. ഇതിനിടെയാണ് കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം ഒഴിവാക്കാൻ കേരളത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ഇത് നടപ്പാക്കത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രം വാദിച്ചത്. 

സാങ്കേതിക തടസത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിയാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രസ്താവനയെന്നാണ് ഭക്ഷ്യ വകുപ്പ് വിശദീകരണം. സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ ചുമതല എന്‍ഐസി ഹൈദരാബാദിനാണ്. വിതരണത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ അതിനുള്ള കൃത്യമായ കാരണങ്ങള്‍ എൻഐസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നില്ല. സര്‍വ്വറുകള്‍ക്ക് അപ്ഗ്രഡേഷന്‍ ആവശ്യമാണെന്നും അതിലൂടെ റേഷന്‍ വിതരണം കൂടുതല്‍ സുഗമാക്കാന്‍ കഴിയുമെന്നും എന്‍ഐസി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചതാണെന്നും വകുപ്പ് വിശദീകരിക്കുന്നു. 

നിലവില്‍ റേഷന്‍ വിതരണത്തിലെ ആധാർ ഓഥന്റിക്കേഷന് വേണ്ടി കേരള ഐടി മിഷന്റെ സംവിധാനമാണ് ഉപയോഗിക്കുന്നത്. ബിഎസ്എൻഎൽ ഹൈദരാബാദാണ് ഓതന്‍റിക്കേഷന്‍ സര്‍വ്വീസ് ഏജന്‍സി. പ്രസ്തുത ഏജന്‍സിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഓതന്‍റിക്കേഷന്‍ പൂര്‍ണ്ണമായും പരാജയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ എൻഐസിയ്ക്ക് അഞ്ചില്‍പരം ആധാര്‍ സര്‍വ്വീസ് ഏജന്‍സികളുടെ സര്‍വ്വീസ് ലഭ്യമാണ്. അതിനാല്‍ തകരാര്‍ വന്നാലും സേവനം പൂര്‍ണ്ണമായും പരാജയപ്പെടുകയില്ല. ആധാര്‍ ഓതന്റിക്കേഷന്‍ എൻഐസിയുടെ കീഴിലുള്ള ആധാര്‍ സര്‍വ്വീസിംഗ് ഏജന്‍സി സംവിധാനത്തിലേയ്ക്ക് മാറ്റണമെന്ന് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അപേക്ഷ പരിഗണിക്കുന്ന പക്ഷം നിലവിലെ സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാന നിലപാട്.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി