മരടില്‍ പ്രകമ്പന തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ഐഐടി സംഘം

By Web TeamFirst Published Jan 4, 2020, 1:51 PM IST
Highlights

നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കെട്ടിടങ്ങളുടെ പഴക്കം, അവിടുത്തെ മണ്ണിന്റെ ഘടന തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് പ്രകമ്പനത്തിന്റെ തോതിൽ മാറ്റം വരുമെന്ന് ഡോ ഭൂമിനാഥന്‍ പറഞ്ഞു.

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്‍റെ തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ചെന്നൈ ഐഐടിയില്‍ നിന്നെത്തിയ വിദഗ്‍ധര്‍ അറിയിച്ചു.  ഉച്ചയോടെ ചെന്നൈയില്‍ നിന്നെത്തിയ വിദഗ്‍ധ സംഘം എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തി. 

ഡോ എ ഭൂമിനാഥന്‍റെ നേതൃത്വത്തിലുള്ള ഐഐടി സംഘമാണ് മരടിലെത്തിയിരിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന കെട്ടിടങ്ങളുടെ പഴക്കം, അവിടുത്തെ മണ്ണിന്റെ ഘടന തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് പ്രകമ്പനത്തിന്റെ തോതിൽ മാറ്റം വരുമെന്ന് ഡോ ഭൂമിനാഥന്‍ പറഞ്ഞു. സ്ഫോടനത്തിന്റെ തലേ ദിവസമായിരിക്കും പ്രകമ്പന തോത് അളക്കാനുള്ള ആക്സിലെറോമീറ്ററുകൾ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച്  ഇന്നാണ് അന്തിമതീരുമാനം ഉണ്ടാകുക.  പൊളിക്കാൻ കരാർ ഏറ്റെടുത്തിരുന്ന കമ്പനികൾ, സമയക്രമം മാറ്റുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു. വിവിധ വകുപ്പുകളുമായി ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം. ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എസ് സുഹാസ് ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 

അതേസമയം,മരടിലെ എച്ച്ടുഒ ഫ്ലാറ്റിൽ സ്ഫോടനത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി കിട്ടി. ഇതോടെ ഇന്ന് പുലർച്ചെ മുതൽ സ്ഫോടകവസ്തുക്കൾ ദ്വാരങ്ങളിൽ നിറച്ചുതുടങ്ങി. ആൽഫ സെറിൻ ഫ്ലാറ്റിൽ നാളെ മുതൽ സ്ഫോടകവസ്തുക്കൾ എത്തിച്ചുതുടങ്ങും. ഗതാഗതക്രമീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സബ്‍ കളക്ടര്‍  ഇന്ന് പൊലീസ് കമ്മീഷണറേയും കാണും.

click me!