കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് ദിലീപിന്‍റെ പദ്ധതിയെന്നാണ് ഞങ്ങളുടെ കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. കേസ് പരമാവധി നീട്ടാനും വൈകിക്കാനും സങ്കീർണമാക്കാനും ഇത് വഴി കഴിയും.
ഇന്ന് പ്രത്യേക കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് ദിലീപും അഭിഭാഷക സംഘവും കരുതിയിരുന്നില്ല. നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കൽ എത്തിയെന്നും, അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്‍ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജികൾ നൽകിയിരുന്നു. കേസിൽ പ്രതികളായി ചേർത്ത തങ്ങൾ നിരപരാധികളാണെന്നും, കേസിൽ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്‍ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജി നൽകിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു.
ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാൻ പൊലീസിന്‍റെ കുറ്റപത്രത്തിൽ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹർജി തള്ളിയാൽ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന്‍റെ നീക്കം. രണ്ട് കോടതികളിലും വിടുതൽ ഹർജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നൽകുക.
ഇങ്ങനെ നിരവധി ഹർജികൾ നൽകിയാൽ, കേസിന്‍റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്‍റെ കണക്കുകൂട്ടൽ. അതേ രീതിയിൽത്തന്നെയാണ്, പ്രത്യേക കോടതിയിൽ കേസ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തെളിവുകൾ കൈമാറണമെന്നതടക്കം നിരവധി ഹർജികൾ ദിലീപ് കീഴ്‍ക്കോടതികളിൽ നിന്ന് സുപ്രീംകോടതി വരെ വിവിധ കോടതികളിലായി നൽകിയത്. കേസിലെ പ്രതികളെല്ലാവരും ചേർന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നൽകിയത് നാൽപ്പത് ഹർജികളായിരുന്നു.
കേസ് വിചാരണ വൈകിക്കാനുള്ള ഈ മനഃപ്പൂർവമായ നീക്കം പ്രോസിക്യൂഷനും മുൻകൂട്ടി കാണുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് മെമ്മറി കാർഡ് തെളിവാണോ തൊണ്ടിമുതലാണോ എന്നതിൽ സംശയനിവാരണം തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ പ്രോസിക്യൂഷൻ കേസിൽ നടിയെത്തന്നെ കക്ഷി ചേർത്തതും, കേസിന്‍റെ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന് ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടതും.
അതിന്‍റെ ഭാഗമായി മെമ്മറി കാർഡോ അതിലെ ദൃശ്യങ്ങളോ ദിലീപിന് കൈമാറില്ലെന്നും, പ്രത്യേക സുരക്ഷയൊരുക്കി പ്രോസിക്യൂഷന്‍റെയും പൊലീസിന്‍റെയും സാന്നിധ്യത്തിൽത്തന്നെ ദൃശ്യങ്ങൾ ദിലീപിന് പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബലാത്സംഗം അതിജീവിച്ച യുവതിയുടെ സുരക്ഷയും സ്വകാര്യതയുമാണ് അതിപ്രധാനം എന്ന് വ്യക്തമാക്കുന്ന ഉത്തരവായിരുന്നു അത്. അതിനൊപ്പം കേസ് വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇതിന്‍റെ ഭാഗമായാണ് മറ്റ് ചില ഹർജികളുമായി മേൽക്കോടതിയെ സമീപിക്കാൻ പോവുകയാണെന്ന് ദിലീപിന്‍റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞപ്പോൾ, അത് നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം, ഈ ഹർജിയിൽ ഇപ്പോൾ തൽക്കാലം വിധി പറയുകയാണെന്ന് പറഞ്ഞു കൊണ്ട് പ്രത്യേക കോടതി ജഡ്ജി ഹണി വർഗീസ് വിധി പ്രസ്താവിച്ചതും.
വിടുതൽ ഹർജിയുടെ വിചാരണാ വേളയിൽ കുറച്ചു കൂടി സമയം വേണം വാദഗതികൾ ഉന്നയിക്കാനെന്ന് ദിലീപിന്‍റെ അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ കേസിന്‍റെ വിചാരണ തീർക്കാൻ ആകെ ആറ് മാസമാണ് സമയമുള്ളതെന്നും, വെറുതെ കോടതിയുടെ സമയം കളയരുതെന്നും ശക്തമായ ഭാഷയിൽത്തന്നെ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ഗുരുതരമായ ചില ആരോപണങ്ങളും ദിലീപിന്‍റെ അഭിഭാഷകൻ ഉന്നയിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് നിർദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam