
കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നിൽ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റിൽ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.
ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നിൽക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, വിമത വൈദികര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത വിമത വൈദികരായ ആറു പേരെ സഭ സസ്പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന ചൊല്ലുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭ സിനഡാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണിൽ ചര്‍ച്ച നടത്തി.
സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ
ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയിൽ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വൈദികരെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നടന്നത് പൊലീസ് അതിക്രമം എന്നാണ് വൈദികർ ആരോപിക്കുന്നത്. രാത്രിയിലെ സംഭവത്തിന് പിന്നാലെയാണ് രാവിലെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി വൈദികരും വിശ്വാസികളും രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam