ബ്രിട്ടീഷ് പൗരന് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണം; രാജ്യാന്തര സൗകര്യങ്ങൾ പുറത്തുവിട്ട് അധികൃതർ

By Web TeamFirst Published Mar 26, 2020, 5:28 PM IST
Highlights

ഓരോ രോഗിക്കും പ്രത്യേക മുറി, വിദേശികളായ രോഗികൾക്ക് ഇഷ്ട ഭക്ഷണം; രാജ്യാന്തര നിലവാരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് ജില്ലാ കളക്ടർ.

കൊച്ചി: കൊവിഡ് ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന് കളമശ്ശേരി മെഡിക്കൽ കോളേജിൽ മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന ബ്രിട്ടീഷ് മാധ്യമ വാർത്തകളുടെ മുനയൊടിച്ച് ജില്ലാ ഭരണ കൂടം. കളമശ്ശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിന്‍റെ രാജ്യാന്തര സൗകര്യങ്ങൾ പുറത്ത് വിട്ടായിരുന്നു അധികൃതർ വിമർശനത്തിന് മറുപടി നൽകിയത്. കളമശ്ശേരിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്‍റെ മകളാണ് വിമർശനവുമായി രംഗത്ത് വന്നിരുന്നത്.

നിരീക്ഷണത്തിൽ കഴിയാനുള്ള അധികൃതരുടെ നിർദ്ദേശം അവഗണിച്ച് നെടുമ്പാശ്ശേരിയിലെത്തിയ 19 അംഗ ബ്രിട്ടീഷ് യാത്രാ സംഘത്തിലെ 76 കാരന്‍റെ മകളാണ് കേരളത്തിലെ കൊവിഡ് ചികിത്സയെ വിമർശിച്ചത്. കേരളത്തിലെ വൃത്തിയില്ലാത്ത ആശുപത്രിയിലാണ് തന്‍റെ പിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും കിടക്കയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്നും ബ്രിട്ടീഷ് പൗരന്‍റെ മകൾ പരാതി ഉന്നയിച്ചു. ഗാർഡിയിൻ അടക്കമുള്ള മാധ്യമങ്ങൾ ഇത് ഏറ്റുപിടിച്ചതിന് പിറകെയാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ചിത്രം അധികൃതർ പുറത്ത് വിട്ടത്. 

ഐസൊലേഷൻനിൽ കഴിയുന്ന ഓരോ രോഗിക്കും ബാത് റൂം അറ്റാച്ച് ചെയ്ത പ്രത്യേക മുറികളാണ്. വിദേശികളായ രോഗികൾക്ക് അവർക്ക് ഇഷ്ടമായ മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നത്. രാജ്യാന്തര നിലവാരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നിലവിൽ ബ്രിട്ടീഷ് പൗരൻ അടക്കം കളമശ്ശേരിയിൽ ചികിത്സയിലുള്ള ആറ് പേർ രോഗ മുക്തരായിട്ടുണ്ട്. ആറ് ദിവസത്തെ ചികിത്സയിലൂടെയാണ് ഈ മാറ്റം. ഇതിനിടെയാണ് മെഡിക്കൽ കോളേജ് സൗകര്യങ്ങളെ വിമർശിച്ച് ബ്രിട്ടീഷ് പൗരന്‍റെ മകൾ രംഗത്ത് വന്നത്.

കൊവിഡ് കെയർ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളേജിന് പ്രത്യേക ശ്രദ്ധയാണ് നിലവിൽ ജില്ലാ ഭരണകൂടം നൽകുന്നത്. ആശുപത്രി മുറികൾ ആറ് തവണ ശുചീകരിക്കുന്നുണ്ട്. നാല് മണിക്കൂർ ഷിഫ്റ്റിൽ ആറ് മെഡിക്കൽ സംഘം ഇവരെ പരിചരിക്കുന്നു. ഇറ്റലിയിൽ നിന്നെത്തിയ കുട്ടിക്ക് ഇഷ്ട ഭക്ഷണമായ പാസ്ത അടക്കം എത്തിച്ച് രോഗി പരിചരണത്തിൽ മികച്ച് മാതൃകയായിരുന്നു ജില്ലാ ഭരണകൂടം കാണിച്ചത്.

click me!