
കൊച്ചി: വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ലെന്ന് കേരള ഹൈക്കോടതി. പഴയ രീതിയിലുള്ള വെടിക്കെട്ടല്ല ഇപ്പോൾ നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. എറണാകുളം ശിവക്ഷേത്രത്തിൽ വെടിക്കെട്ട് വിലക്കിയ ജില്ലാ കളക്ടർ എസ് സുഹാസിന്റെ തീരുമാനത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പെട്രോൾ പമ്പ്, സ്കൂൾ എന്നിവയുണ്ടെന്ന് പറഞ്ഞാണ് ജില്ലാ കളക്ടർ അപേക്ഷ തള്ളിയത്. ഇതിനെതിരെ ക്ഷേത്ര ഭരണസമിതിയാണ് കോടതിയെ സമീപിച്ചത്. പെട്രോൾ പമ്പും സ്കൂളും കാലാകാലങ്ങളായി അവിടെ തന്നെയുള്ളതാണെന്ന് ക്ഷേത്രക്കമ്മിറ്റി വാദിച്ചു. ഈ സമയത്താണ് കോടതി പഴയപോലുള്ള വെടിക്കെട്ടല്ല ഇപ്പോൾ നടക്കുന്നതെന്ന് പറഞ്ഞത്. ഇതാവാം ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിക്കാനുള്ള കാരണമെന്നും കോടതി പറഞ്ഞു.
വാദത്തിനിടെ നടക്കാവ് വെടിക്കെട്ട് അപകടം കോടതി എടുത്തുപറഞ്ഞു. നടക്കാവിൽ 100 മീറ്റർ അകലെയായിരുന്നു സ്ഥാപനങ്ങളെന്നും എന്നിട്ടും അപകടം നടന്നില്ലേയെന്ന് കോടതി ചോദിച്ചു. നടക്കാവിൽ അബദ്ധം കാണിച്ചുവെന്നത് കൊണ്ട്, ഇവിടെ അങ്ങനെ സംഭവിക്കണം എന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വെറും 30 മീറ്റർ അകലം മാത്രമേ എറണാകുളം ശിവക്ഷേത്രത്തിൽ നിന്ന് പെട്രോൾ പമ്പിലേക്കുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.
വെടിക്കെട്ടും വെടിവഴിപാടും ഒന്നല്ലെന്ന് പറഞ്ഞ കോടതി, ഇവ തമ്മിൽ വ്യത്യാസമുണ്ടെന്ന് വിശദീകരിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാകില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ വർഷത്തെ സാഹചര്യങ്ങളിൽ നിന്ന് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് കളക്ടർ പറയണമെന്ന് ഹർജിക്കാർ ഈ ഘട്ടത്തിൽ വാദിച്ചു. വെടിക്കെട്ടിന് 2.8 കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam