
തിരുവനന്തപുരം: സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗർഭസ്ഥ ശിശുക്കൾ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ടക്കുട്ടികളാണെന്ന് നേരത്തെ കണ്ടെത്താനാകാഞ്ഞതിനാൽ തുടർപരിചരണത്തിൽ പിഴവുണ്ടായെന്നും ഗർഭസ്ഥ ശിശുക്കൾ മരിച്ചെന്നുമാണ് ആരോപണം. രണ്ട് ശിശുക്കളെയും ഉടൻ പുറത്തെടുക്കും. പാറശ്ശാലയിലെ ലാബിനെതിരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കുന്നത്തുകാൽ വില്ലേജിൽ ചെറിയ കൊല്ല സ്വദേശി നിഷയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് നിഷ ചികിത്സ തേടിയിരുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഒന്നരമാസത്തിലും മൂന്നരമാസത്തിലും ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബായ വിന്നീസ് ലാബിൽ സ്കാൻ ചെയ്തു.
സ്കാനിങ്ങിൽ ഒരു കുട്ടി മാത്രമാണ് ഉള്ളതെന്നും കുട്ടി സുരക്ഷിതയാണെന്നുമുള്ള റിപ്പോർട്ടാണ് കിട്ടിയത്. എന്നാൽ അഞ്ചാം മാസത്തിൽ അസ്വസ്ഥത തോന്നിയപ്പോൾ മറ്റൊരു സ്കാനിംഗ് കേന്ദ്രത്തിൽ പരിശോധന നടത്തി. അതിൽ ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി മരിച്ചതായും കണ്ടെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഈ റിപ്പോർട്ട് കിട്ടിയത്. ഈ ലാബ് അധികൃതരുടെ നിർദ്ദേശ പ്രകാരം അന്ന് തന്നെ എസ്എടി ആശുപത്രിയിലെത്തി വീണ്ടും സ്കാൻ നടത്തി പരിശോധിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞും മരിച്ചതായി തെളിഞ്ഞു.
ഗർഭാശയത്തിലെ സ്ഥാനങ്ങളിലുള്ള വ്യത്യാസം മൂലമാണ് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിയാതിരുന്നതെന്നാണ് വിന്നീസ് ലാബ് അധികൃതരുടെ വിശദീകരണം. സർക്കാർ പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ സ്കാൻ നടത്താൻ പാറശ്ശാല താലൂക്ക് ആശുപത്രിയും വിന്നീസ് ലാബും തമ്മിൽ കരാറുണ്ടായിരുന്നു.
തെറ്റായ സ്കാനിംഗ് റിപ്പോർട്ടിന്‍റെ പേരിൽ കോട്ടയത്ത് ഒരു സ്ത്രീക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിവാദമായിരിക്കെയാണ് പാറശ്ശാലയിൽ ലാബിന്‍റെ പിഴവിൽ കുഞ്ഞുങ്ങൾ മരിച്ചെന്ന പരാതി ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam