
കോഴിക്കോട്: ചക്കോരത്ത്കുളത്ത് ഇഎസ്ഐ ഡിസ്പെൻസറിയുടെ മേൽക്കൂര അടര്‍ന്നുവീണ് രണ്ടുപേർക്ക് പരിക്ക്. നഴ്സിങ് അസിസ്റ്റന്‍റ് മീര, ഓഫീസ് അസിസ്റ്റന്‍റ് ജമീല എന്നിവർക്കാണ് പരിക്കേറ്റത്. മീരയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ആശുപത്രി കെട്ടിടത്തിന്‍റെ ഒന്നാം നിലയുടെ ഒരു ഭാഗമാണ് അടര്‍ന്ന് വീണത്. അപകട സമയത്ത് ആശുപത്രിയിൽ 10 ജീവനക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി കെട്ടിടം അപകട നിലയിലാണെന്നും മാറ്റിപ്പണിയാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും നിരവധി തവണ ജീവനക്കാർ ഇഎസ്ഐ കോർപറേഷന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
കേന്ദ്രസർക്കാരിന്‍റെ ചുമതലയിലാണ് കെട്ടിടം. കെട്ടിടം പുതുക്കി പണിയാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കെട്ടിടത്തിലെ ജീവനക്കാരെ കല്ലായിലെ ഇഎസ്ഐ ഡിസ്പെൻസറിയിലേക്ക് മാറ്റും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam