എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും

Published : Nov 25, 2025, 10:24 AM IST
Ethiopian_Volcanic_Ash_mooving_to _China

Synopsis

എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. ചാരമേഘം വടക്കൻ ഇന്ത്യയിലെത്തിയിരുന്നു

ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇന്ത്യിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇന്ന് നാല് ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ വേണ്ടിയാണ് സർവീസ് റദ്ദാക്കിയത്. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിലാണ് സുരക്ഷാ പരിശോധന. ചെന്നൈ - മുംബൈ, ഹൈദരാബാദ് - മുംബൈ, കൊൽക്കത്ത - മുംബൈ, ഹൈദരാബാദ് - ദില്ലി സർവീസുകൾ ആണ് റദ്ദാക്കിയത്.

ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയെത്തിയിരുന്നു. ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

വിമാന സർവീസുകൾ റദ്ദാക്കി; ജാഗ്രതാ നിർദ്ദേശം

അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകാശ എയർ വിമാനങ്ങൾ റദ്ദാക്കി. കെ.എൽ.എം. കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസിൻ്റെ ആംസ്റ്റർഡാം-ഡൽഹി (KL 871) സർവീസും തിരിച്ചുള്ള ഡൽഹി-ആംസ്റ്റർഡാം സർവീസും റദ്ദാക്കി. എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൻ്റെ മേഘങ്ങൾ പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഇൻഡിഗോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു