കല്ലിടുന്നതാര്? 'സർവ്വത്ര ആശയക്കുഴപ്പത്തിന്റെ പദ്ധതി', ഡിപിആറും മന്ത്രിമാർ പറയുന്നതും വ്യത്യസ്തമെന്ന് സതീശൻ

Published : Mar 26, 2022, 01:05 PM IST
കല്ലിടുന്നതാര്? 'സർവ്വത്ര ആശയക്കുഴപ്പത്തിന്റെ പദ്ധതി', ഡിപിആറും മന്ത്രിമാർ പറയുന്നതും വ്യത്യസ്തമെന്ന് സതീശൻ

Synopsis

 പദ്ധതിയുടെ ഡിപിആറിലുള്ള വിവരമല്ല മന്ത്രിമാർ പറയുന്നത്. സർക്കാർ ഡാറ്റയിൽ കൃത്രിമം നടത്തുകയാണെന്നും ആർക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കൊച്ചി: സിൽവർ ലൈൻ കെ റെയിലിൽ (K Rail) പദ്ധതിയിൽ സർവ്വത്ര ആശയക്കുഴപ്പം മാത്രമണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയതോടെ ആരാണ് കല്ലിടുന്നതെന്നതിൽ പോലും സർക്കാരിന് വ്യക്തതയില്ലെന്നാരോപിച്ച് വിഡി സതീശൻ രംഗത്തെത്തി. സാമൂഹികാഘാത പഠനത്തിന് ഒരു കല്ലെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഡിപിആറിലുള്ള വിവരമല്ല മന്ത്രിമാർ പറയുന്നത്. സർക്കാർ ഡാറ്റയിൽ കൃത്രിമം നടത്തുകയാണെന്നും ആർക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പദ്ധതിക്കെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിരട്ടൽ വേണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്വത്ത് സമ്പാദന വിവാദത്തിൽ സജി ചെറിയാൻ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോൾ 5 കോടി ആയെന്നും സതീശൻ ചോദിച്ചു. 

കല്ലിടാൻ നിർദ്ദേശിച്ചതാര്  ? നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി 

സിൽവർ ലൈൻ കല്ലിടലിന്റെ ഉത്തരവാദിത്വത്തിൽ നിന്നും  റവന്യുവകുപ്പ് ഒഴിഞ്ഞുമാറിയതോടെയാണ് പ്രതിപക്ഷനേതാവിന്റെ വിമർശം. പ്രതിഷേധം കനക്കുന്നതിനിടെയാണ് കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച കെ റെയിൽ പക്ഷെ ആരാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് പറയുന്നുമില്ല.

കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടരി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു.  പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യുവകുപ്പിൻറ കൈകഴുകൽ. 

കെ രാജൻ കടുപ്പിച്ചതോടെ ഫേസ് ബുക്ക് പേജിൽ കെ റെയിലിൻറെ വിശദീകരണം വന്നു. റവന്യുവകുപ്പാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് കെ റെയിലിൻറെ പേരിൽ വന്ന വാർത്ത നിഷേധിച്ചു. അപ്പോഴും ആരാണ് കല്ലിടാൻ ആവശ്യപ്പെട്ടതെന്ന് കെ റെയിൽ വ്യക്തമാക്കുന്നില്ല. കല്ലിട്ട് തന്നെ സാമൂഹ്യാഘാത പഠനം വേണ്ടതുണ്ടോ എന്നതിൽ ഭിന്നത നിലനിൽക്കെയാണ് ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പിൻറഎയു കെ റെയിലിൻറെയും ഒഴിഞ്ഞുമാറൽ. സർവ്വെ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധകമാക്കിയാണ് സർക്കാറും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പറയുമ്പോഴും കല്ലിടലിനു റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം