
തിരുവനന്തപുരം;മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണം നിലനിര്‍ത്തിയെങ്കിലും ,പുതുതായി 8 സീറ്റ് പിടിച്ചെടുത്ത യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.അധികാരത്തിന്‍റ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും.
മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള 8 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളില്‍ സി.പി.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെ.കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു. ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങളെന്നും സതീശന്‍ ഫേസ് ബുക്കില്‍ കുറിച്ചു
മട്ടന്നൂരിൽ യുഡിഎഫ് പിടിച്ചെടുത്തത് 8 എൽഡിഎഫ് സീറ്റുകൾ, ശക്തി കേന്ദ്രങ്ങളിലും സിപിഎമ്മിന് തിരിച്ചടി
കാൽ നൂറ്റാണ്ടായി തുടരുന്ന ഭരണം മട്ടന്നൂരിൽ ഇടതുമുന്നണി നിലനിർത്തിയെങ്കിലും യുഡിഎഫ് കുത്തൊഴുക്കിന് മുന്നിൽ 8 സീറ്റുകളിലാണ് അടിപതറിയത്. കഴിഞ്ഞ തവണ കൈവശം വച്ച 8 സീറ്റുകൾ ഇത്തവണ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അതിലൂടെ വെറും 7 സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തു. ശക്തി കേന്ദ്രങ്ങളായ മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സിപിഎമ്മിന് നഷ്ടപ്പെട്ടു. യുഡിഎഫിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന്റെ നേട്ടം. കയനി വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാകട്ടെ വെറും 4 വോട്ടിനും.
2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ൽ നിലംപരിശാക്കിയാണ് മട്ടന്നൂരിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചു. ഭരണം നിലനിർത്തിയതോടെ സിപിഎമ്മിലെ എൻ.ഷാജിത്ത് നഗരസഭ ചെയർമാനാകാനാണ് സാധ്യത. നെല്ലൂന്നി വാർഡിൽ നിന്നാണ് ഷാജിത് വിജയിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയടക്കം പുതമുഖമായത് ഈ തർക്കത്തെ തുടർന്നാണ്. പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കൾ ഇരുപക്ഷമായി നിന്നത് ചേരിതിരിവ് രൂക്ഷമാക്കി. അഞ്ചാം തവണയും വിജയിച്ച് ഭരിച്ച എൽഡിഎഫിനെതിരെ രൂക്ഷമായ ഭരണവിരുദ്ധവികാരവുമുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷയ്ക്കെതിരെ പാർട്ടിക്കകത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ച നടപടിയിലേക്ക് നീങ്ങാനിടയുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മടന്നൂരുകാരനാണ്. ഫർസീനെതിരെ സർക്കാർ നടത്തിയ നീക്കങ്ങളോടുള്ള മട്ടന്നൂരുകാരുടെ എതിർപ്പായി യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. വെറും 4 സീറ്റകലെയായിരുന്നു ഭരണമെന്ന് തിരിച്ചറിയുമ്പോൾ ഒന്നുകൂടി ഒത്തു പിടിക്കാമായിരുന്നുവെന്ന തോന്നലും അവർക്കുണ്ട്.
മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി; യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam