
തിരുവനന്തപുരം: ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച് തലസ്ഥാനത്തും പുതുവത്സരത്തെ വരവേൽക്കും. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയുടെ രൂപത്തിൻ്റെ നിർമ്മാണം ഏറെക്കുറെ പൂര്‍ത്തിയായി. 40 അടി ഉയരത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതുവത്സരദിനത്തിൽ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിൻ്റെ സംഗീത വിരുന്നാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതു സന്ദർശന സമയം ഡിസംബര്‍ 31ന് വൈകിട്ട് മൂന്ന് മണി വരെ ആയിരിക്കും. രാത്രി 12 മണി വരെയായിരിക്കും കലാപരിപാടികൾ. പുതുവര്‍ഷം പുലരുമ്പോൾ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.
കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങൾക്ക് പുറമെ, സാഹിത്യ- ചലച്ചിത്ര മേളകൾ, കലാ പ്രദർശനങ്ങൾ, ഡിസൈൻ ശിൽപശാലകൾ, മ്യൂസിക് ഷോകൾ, ഹാക്കത്തോണുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ഒരു ആഗോള സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam