
തിരുവനന്തപുരം: സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഐഎഎസുകാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നത് പതിവാണ്. അതിന് പരമാവധി 65 വയസാണ് പ്രായപരിധി. അതും സംസ്ഥാന സർക്കാർ നിശ്ചയിച്ചത്. എന്നിട്ടും ഐഎഎസ് പദവിയിൽ നിന്ന് വിരമിച്ച ഷെയ്‌ക് പരീതിൻ്റെ കാര്യത്തിൽ ഈ നിബന്ധന ആവർത്തിച്ച് തിരുത്തുകയാണ് സംസ്ഥാന സർക്കാർ. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് ഇദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായിരിക്കാൻ 65 വയസാണ് പ്രായപരിധി. എന്നാൽ ഷെയ്‌ക് പരീതിന് ഇപ്പോൾ 67 വയസാണ് പ്രായം. ഷെയ്‌ക് പരീതിൻ്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ ഇദ്ദേഹത്തിൻ്റെ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് തടസപ്പെടുമെന്നുമാണ് ഷെയ്‌ക് പരീതിൻ്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്‌ക് പരീതിൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. ഡിസംബർ 19നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2018 ലാണ് ആദ്യമായി ഷെയ്ക്ക് പരീത് എംഡിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് ഓരോ വര്‍ഷവും സേവന കാലാവധി നീട്ടി നല്‍കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam