
തിരുവനന്തപുരം: വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം. മുഴുവൻ സമയവും പാത അടക്കണമെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും ഇന്നലെ ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകവുമായി ചര്‍ച്ച നടത്തുമെന്നും ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് കത്തയച്ചെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
രാത്രിയാത്രാ നിരോധനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വയനാട് എംപി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. രാത്രി യാത്രാ നിരോധനം മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തെന്നും വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി രണ്ടുദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കും.
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരിഗണിക്കവേ നിരോധനം പകലും കൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.
Read Also:വയനാട്ടിലെ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു...
നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam