Asianet News MalayalamAsianet News Malayalam

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: വിട്ടുവീഴ്ചക്കില്ലാതെ കർണാടകം, കൂടുതൽ പ്രക്ഷോഭ നടപടിയിലേക്ക് സമരസമിതി

അതേസമയം, അയൽ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് സമരസമിതി അറിയിച്ചു. ഗുണ്ടൽപ്പെട്ട എംഎൽഎ അടക്കം മറ്റ് സംസ്ഥാനങ്ങളിലെ ജന പ്രതിനിധികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നും നാളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും സമരസമിതി അറിയിച്ചു.

karnataka deputy minister response for bandipur tiger reserve ban on night traffic
Author
Wayanad, First Published Sep 30, 2019, 3:49 PM IST

വയനാട്: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കർണാടകം. മുഴുവൻ സമയവും പാത അടക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാത്രിയാത്രാ നിരോധനത്തിൽ സുപ്രീംകോടതി തീരുമാനം നടപ്പാക്കുമെന്നും അശ്വത് നാരായൺ പറഞ്ഞു. അതേസമയം, അയൽ സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് സമരസമിതി അറിയിച്ചു. ഗുണ്ടൽപ്പെട്ട എംഎൽഎ അടക്കം മറ്റ് സംസ്ഥാനങ്ങളിലെ ജന പ്രതിനിധികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നും നാളെ വിദ്യാർത്ഥികളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും സമരസമിതി അറിയിച്ചു.

നിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി രാഹുൽ ഒക്ടോബർ മൂന്നിന് വയനാട്ടിലെത്തും. അതേസമയം, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം ആറാംദിവസവും തുടരുകയാണ്. 

Read Also: രാഹുലിന്‍റെ വയനാട് സന്ദര്‍ശന തിയതി മാറ്റി, വ്യാഴാഴ്ച എത്തും: രാത്രി യാത്രാനിരോധന സമരത്തിന് പിന്തുണ

ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ദിവസവും സമരപന്തലിൽ എത്തുന്നത്. കർഷകരെ അണിനിരത്തി ഇന്ന് സമരക്കാർ ലോങ്മാർച്ചും സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.

Read More: ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളും; പ്രതിഷേധവുമായി യുവജന സംഘടനകള്‍

2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന്  ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതിയുടെ ഉത്തരവ്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഒക്ടോബർ 14 നാകും രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുക.
 

Follow Us:
Download App:
  • android
  • ios