
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി 12ന് കോടതി പുറത്തിറക്കും. ശിക്ഷ നിയമപരായി നിലനിൽക്കില്ലെന്ന് പ്രതിഭാഗവും നൽകിയ ശിക്ഷ നിയമ പരമായി നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് മറുപടി നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
വിദേശ പൗരനെ ക്രിമിനല്‍ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്‍റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരും. ആന്‍റണി രാജുവിന്‍റെഅപ്പീലിന്മേൽ ഇന്ന് തുടര്‍വാദം നടക്കുകയായിരുന്നു. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്‍റണി രാജുവിനും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്നു വർഷം വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതിനാൽ അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നീതിന്യായവ്യവസ്ഥയെ തന്നെ കബളിപ്പിച്ച കേസിൽ 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തൊണ്ടി മുതൽ കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. അതേസമയം, നെടുമങ്ങാട് മജിസ്ട്രേറ്റിന്‍റെ വിധിയിൽ പോരായ്മകളുണ്ടെന്ന് വ്യക്തമാക്കി അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. നീതിന്യായ വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് മജിസ്ട്രേറ്റ് തന്നെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി തന്നെ കണ്ടെത്തി. നിയമമേഖലയിൽ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതികള്‍ ചെയ്ത കുറ്റം നിസാരമായി കാണാനാവില്ലെന്നും മജിസ്ട്രേറ്റ് പറയുന്നു. ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റം കണ്ടെത്തിയിട്ടും കുറഞ്ഞ ശിക്ഷമാത്രമാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. കീഴ് ക്കോടതി വിധിയിൽ ഏറെ പോരായ്മകൾ ഉണ്ട് . ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകാൻ തീരുമാനിക്കുന്നത്. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും ഗൗരവും പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചില്ല എന്നാണ് പൊതുവായുണ്ടായ വിലയിരുത്തൽ. അപ്പീൽ നൽകുന്നത് പരിഗണനയിലിരിക്കെയാണ് ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam