സത്യം ജയിച്ചു, ഞാൻ കൊടുത്തത് വലിയ വില: കണ്ണീരണിഞ്ഞ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്

By Web TeamFirst Published Dec 22, 2020, 11:49 AM IST
Highlights

സിസ്റ്റർ അഭയയുടേത് കൊലപാതകമെന്ന് ആദ്യം കണ്ടെത്തിയത് മുൻപ് കേസ് അന്വേഷിച്ച വർഗീസ് പി തോമസായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായിരുന്ന സിബിഐ എസ് പി ത്യാഗരാജൻ, ഈ റിപ്പോർട്ട് അംഗീകരിച്ചില്ല

തിരുവനന്തപുരം: അഭയയെ കൊലപ്പെടുത്തിയതാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ നിറകണ്ണുകളുമായി മുൻ സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്. സത്യം ജയിച്ചുവെന്നും ശിക്ഷ വലുതായാലും ചെറുതായാലും തനിക്ക് സംതൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഞാനതിന് കൊടുത്ത വില വലുത്. പത്ത് വർഷം ബാക്കിയുണ്ടായിരുന്നു. ക്ലിയർ ട്രാക്ക് റെക്കോർഡായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്നവർ ഡിഐജി വരെയായി. ജോലി വിട്ടുപോന്നത് സ്വന്തം തീരുമാനമാണ്. സത്യസന്ധമായി ജോലി ചെയ്യാനായി വർക്ക് ചെയ്യാൻ കഴിഞ്ഞില്ല. മേലുദ്യോഗസ്ഥൻ പറയുന്ന തെറ്റായ കാര്യം അനുസരിക്കാൻ എനിക്ക് മനസുണ്ടായിരുന്നില്ല. സർവീസ് വിടരുതെന്നും സിബിഐയിൽ ഏത് ബ്രാഞ്ചിലേക്കും ട്രാൻസ്ഫർ തരാമെന്നും അന്ന് മേലുദ്യോഗസ്ഥൻ പറഞ്ഞു അന്ന് ട്രാൻസ്ഫർ സ്വീകരിച്ചിരുന്നെങ്കിൽ അത് ജനം തെറ്റിദ്ധരിക്കുമായിരുന്നു. ഞാൻ തെറ്റ് ചെയ്തിരുന്നില്ല. പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന് ജനം കരുതുന്ന ഒന്ന് എന്റെ ഇമേജിന് ബ്ലാക് മാർക്കായിരിക്കുമെന്നതിനാലാണ് ജോലി ഉപേക്ഷിച്ചത്.

'വ്യക്തമായ തെളിവുള്ള കേസാണിത്. കോടതിയുടെ മുൻപിൽ അവതരിപ്പിക്കുപ്പെട്ട തെളിവുകളുടെ മുന്നിൽ കോടതിക്ക് തീരുമാനം എടുത്തേ പറ്റൂ. ശിക്ഷ വിധിക്കുന്നത് കോടതിയാണ്. കൊലപാതകമെന്ന് തെളിഞ്ഞ കേസിൽ ജീവപര്യന്തെങ്കിലും കൊടുത്തേ പറ്റൂ. എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഞാനതിന് വഴങ്ങിയില്ല,' - വർഗീസ് പി തോമസ് പറഞ്ഞു.

സിസ്റ്റർ അഭയയുടേത് കൊലപാതകമെന്ന് ആദ്യം കണ്ടെത്തിയത് മുൻപ് കേസ് അന്വേഷിച്ച വർഗീസ് പി തോമസായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായിരുന്ന സിബിഐ എസ് പി ത്യാഗരാജൻ, ഈ റിപ്പോർട്ട് അംഗീകരിച്ചില്ല. തുടർന്നാണ് അഭിമാനം ഉയർത്തിപ്പിടിച്ച് ഏഴ് വർഷം ബാക്കിനിൽക്കെ സർവീസിൽ നിന്ന് വി.ആർ.എസ് എടുത്ത് വർഗീസ് പി തോമസ് സിബിഐ കുപ്പായം അഴിച്ചുവെച്ചത്.

click me!